ന്യൂഡൽഹി: യോഗ്യതയില്ലാത്ത പൈലറ്റിനെക്കൊണ്ട് മുംബൈയിൽ നിന്ന് റിയാദിലേക്ക് യാത്രാ വിമാനം പറത്തിച്ചതിന് എയർഇന്ത്യക്ക് ഡയരക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 99 ലക്ഷം രൂപ പിഴ ചുമത്തി. പരിശീലകനില്ലാതെ ട്രെയ്‌നി പൈലറ്റിനെക്കൊണ്ട് യാത്രാവിമാനം പറത്തിച്ചതിന് എയർ ഇന്ത്യക്ക് നേരിട്ട് 90 ലക്ഷം രൂപയും എയർ ഇന്ത്യയുടെ ഓപറേഷൻ ഡയരക്ടർക്ക് ആറു ലക്ഷം രൂപയും ട്രെയിനിങ് ഡയരക്ടർക്ക് മൂന്ന് ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. ജൂലൈ ഒൻപതിന് മുംബൈയിൽ നിന്ന് റിയാദിലേക്കുള്ള വിമാനമാണ് ഇത്തരത്തിൽ പരിശീലകനില്ലാതെ ട്രെയിനി പൈലറ്റും മറ്റൊരു പൈലറ്റും ചേർന്ന് പറത്തിയത്.
ട്രെയിനിങ് ക്യാപ്റ്റനൊപ്പമാണ് പൈലറ്റ് ട്രെയിനി വിമാനം പറത്തേണ്ടിയിരുന്നത്. റിയാദിൽ എത്തിയ ശേഷം പരിശീലകൻ പ്രത്യേക ഫോമിൽ ഒപ്പിട്ട് നൽകുകയും വേണമെന്നാണ് നിയമം. എന്നാൽ യാത്രയ്ക്ക് മുന്നോടിയായി പരിശീലകന് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. തുടർന്ന് പരിശീലകനല്ലാത്ത ഒരു ക്യാപ്റ്റനെയാണ് വിമാനം പറത്താൻ കമ്പനി നിയോഗിച്ചത്.
യാത്ര പുറപ്പെടുന്നതിന് മുമ്പ് ഇരുവരും പരസ്പരം അറിഞ്ഞിരുന്നുമില്ല. ജീവനക്കാർക്ക് ജോലി നിശ്ചയിച്ച് നൽകുന്ന എയർ ഇന്ത്യയുടെ ക്രൂ മാനേജ്‌മെന്റ് സംവിധാനത്തിൽ വന്ന പിഴവാണ് ഇതെന്നാണ് അനുമാനം. സംഭവം എയർ ഇന്ത്യ തന്നെയാണ് അധികൃതരെ അറിയിച്ചത്.