പാലക്കാട് അട്ടപ്പാടി കാട്ടിമലയില്‍ കുടുങ്ങിയ നാല് യുവാക്കളെ രക്ഷിച്ചു. അനധികൃതമായി കാട്ടില്‍ കയറിയ മലപ്പുറം മേലാറ്റൂര്‍ സ്വദേശികളായ നാല് പേരാണ് കഴിഞ്ഞദിവസം കാട്ടിമലയില്‍ അകപ്പെട്ടത്. കാട് കാണാന്‍ വനത്തില്‍ കയറിയ സംഘം വഴിതെറ്റി കാട്ടിമലയില്‍ അകപ്പെടുകയായിരുന്നു. രാത്രി ഒന്‍പത് മണിയോടെയാണ് വിവരമറിഞ്ഞെത്തിയ പൊലിസും ഫയര്‍ഫോഴ്‌സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തിയത്.
മലപ്പുറത്ത് നിന്ന് അട്ടപ്പാടി കാണാനെത്തിയതായിരുന്നു നാലംഗ സംഘം. വനത്തില്‍ കയറിയ യുവാക്കള്‍ വൈകുന്നേരമായതോടെ മഴ കനക്കുകയും ഇരുട്ട് മൂടുകയും ചെയ്തു. ഇതോടെ കാട്ടില്‍ നിന്നു പുറത്തിറങ്ങാനാവാതെ വഴി തെറ്റി. യുവാക്കള്‍ മലയില്‍ കുടുങ്ങിയ വിവരം ലഭിച്ചതോടെ പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. യുവാക്കള്‍ വനത്തില്‍ അകപ്പെട്ടെന്ന വിവരം നാട്ടുകാരാണ് പൊലിസിനെ അറിയിച്ചത്.
മേലാറ്റൂര്‍ സ്വദേശികളായ അഷ്‌കര്‍, സല്‍മാന്‍, സെഹാനുദ്ദിന്‍, മഹേഷ് എന്നിവരെയാണ് രക്ഷിച്ചത്. അഗളി സിഐയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. നാല് പേരും സുരക്ഷിതരാണെന്നും പരുക്കുകളില്ലെന്നും പൊലിസ് അറിയിച്ചു. അനധികൃതമായി കാട്ടില്‍ പ്രവേശിച്ചതിന് യുവാക്കള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് അട്ടപ്പാടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.