റഫീഖ് തോട്ടുമുക്കം.
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കക്കാട് വില്ലേജിൽപ്പെട്ട കറുത്ത പറമ്പ് മോലി കാവിലെ സ്വകാര്യവ്യക്തിയുടെ കരിങ്കൽ കോറിക്കാണ് കക്കാട് വില്ലജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയത്. ക്വാറിയുടെ പ്രവർത്തനത്തെ തുടർന്ന് പരിസരത്ത് ഉള്ളവരുടെ വീടുകൾക്ക് വിള്ളൽ വീണും,കിണറുകൾ ഇടിഞ്ഞും ഏറെ ദുരിതത്തിൽ ആയതിനെ തുടർന്ന് നിരവധി പരാതികൾ പ്രദേശവാസികൾ അധികൃതർക്ക് നൽകിയിരുന്നു. എങ്കിലും അനുകൂലമായ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ക്വാറിയുടെ പ്രവർത്തനാനുമതി കഴിഞ്ഞ മാർച്ചു 31 നു അവസാനിച്ചിരുന്നു. എങ്കിലും നിയമങ്ങളെല്ലാം കാറ്റിൽപറത്തി വ്യാഴാഴ്ചയും,വെള്ളിയാഴ്ചയും ക്വാറി പ്രവർത്തിച്ചിരുന്നതായും, ഇത് ചോദ്യം ചെയ്ത പ്രദേശവാസികൾക്കെതിരെ വധഭീഷണി മുഴക്കിയതായും നാട്ടുകാർ പറഞ്ഞു. പ്രവർത്തി തടയാൻ നാട്ടുകാർ സംഘടിക്കുന്നതിനിടെയാണ് കക്കാട് വില്ലജ് ഓഫീസർ സ്ഥലത്തെത്തി ക്വാറി പ്രവർത്തിക്കുന്നത് തടഞ്ഞുകൊണ്ട്സ്റ്റോപ്പ് മെമ്മോ നൽകിയത്. കക്കാട് വില്ലജ് ഓഫീസർ ഇൻ ചാർജ് മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ള സംഘം സ്ഥലത്ത് സന്ദർശനം നടത്തിയത്. നിയമ പ്രകാരം പാലിക്കേണ്ട ബെഞ്ച് കട്ടിങ് ഉൾപ്പെടെയുള്ളവയൊന്നും ഈ ക്വാറിയിൽ പ്രവർത്തികമാക്കിയിട്ടില്ലെന്നും സംഘം പറഞ്ഞു.