Friday, May 17, 2024
HealthLatest

കേരളത്തിൽ വീണ്ടും നിപ, കോഴിക്കോട്ട് മരിച്ച രണ്ട് പേർക്ക് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി


കോഴിക്കോട് : കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മരിച്ച രണ്ട് പേർക്ക് പൂനയിലെ വൈറോളജി ലാബിൽ നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ സ്ഥിരീകരിച്ചു. സ്ഥിതി വിലയിരുത്താൻ കേന്ദ്ര സംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്. മരിച്ചയാളുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 2018 ൽ 17 പേരുടെ ജീവനെടുത്ത നിപ്പ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപത്ത് തന്നെയുള്ള മരുതോങ്കര പഞ്ചായത്തിലെ 49 കാരനും ആയഞ്ചേരി പഞ്ചായത്തിലെ 40കാരനുമാണ് നിപ്പ രോഗലക്ഷണങ്ങളോടെ ഒരാഴ്ചക്കിടെ മരിച്ചത്. മരുതോങ്കര സ്വദേശിയുടെ രണ്ട് മക്കളും ഭാര്യ സഹോദരനും സഹോദരന്റെ പത്ത് മാസമുള്ള കുട്ടിയും നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ 28 ന് കടുത്ത പനിയും ന്യൂമോണിയയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ച ഇയാൾ രണ്ട് ദിവസത്തിന് ശേഷം ഇവിടെ വെച്ച് മരിക്കുകയായിരുന്നു. ഇയാളുമായി നേരിട്ട് ബന്ധമില്ലാത്ത വടകര ആയഞ്ചേരി സ്വദേശിയായ 40 കാരനെ ഇന്നലെ വൈകിട്ടാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഏറെ വൈകും മുമ്പെ ഇയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും ചെയ്തു. ഇയാളുടെ  പരാശോധനാ ഫലമാണ് ഇന്ന് പുറത്തുവന്നത്. തുടർന്നാണ് ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചത്. ആരോഗ്യവകുപ്പ് ഇന്നലെ രാത്രി തന്നെ ജാഗ്രത നിർദേശമിറക്കിയിട്ടുണ്ട്. ഇന്ന് രാവിലെ കോഴിക്കോടെത്തിയ ആരോഗ്യമന്ത്രി ഉന്നതതലയോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.


Reporter
the authorReporter

Leave a Reply