തിരുവള്ളൂർ: ശക്തമായ ഒഴുക്കിൽ കുറ്റ്യാടി പുഴയുടെ തീരമിടിഞ്ഞ് റോഡിനോട് ചേർന്ന മണ്ണ് പുഴയിലേക്ക് പതിച്ച് അപകടാവസ്ഥയിൽ. പ്രവൃത്തി നടക്കുന്ന പെരിഞ്ചേരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം കൊക്കാൽമഠം ഭാഗത്താണ് അപകടം പതിയിരിക്കുന്നത്. തിരുവള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കും വടകരയിലേക്കും എളുപ്പമാർഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന പാതയിൽ സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഗതാഗതത്തിന് ഉപയോഗിക്കുന്ന റോഡിന്റെ പാർശ്വഭിത്തിയാണ് ഇടിഞ്ഞത്.
പ്രദേശവാസികളും സ്കൂൾ വിദ്യാർഥികളും സ്ഥിരമായി കാൽനടക്കായി ആശ്രയിക്കുന്ന പാതയാണിത്. പാലം നിർമാണത്തിനൊപ്പം റോഡിന്റെ പാർശ്വഭിത്തി നിർമിക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയെങ്കിലും പിന്നീട് ഉപേക്ഷിച്ചതായാണ് നാട്ടുകാർ പറയുന്നത്. പാലം നിർമാണം പുരോഗമിക്കുന്ന ഇരുഭാഗങ്ങളിലും 500 മീറ്റർ വരെ എങ്കിലും പാർശ്വഭിത്തി നിർമിച്ച് റോഡും പ്രദേശത്തെ വീടുകളും നേരിടുന്ന അപകട ഭീഷണി ഒഴിവാക്കണമെന്ന് മുസ് ലിം യൂത്ത് ലീഗ് കൊക്കാൽമഠം ശാഖ കമ്മിറ്റി ആവശ്യപ്പെട്ടു.