രാമനാട്ടുകര:ഇന്ത്യയിൽ ഏറ്റവും മോശം ഭരണം പിണറായി സർക്കാരിൻ്റേതാണെന്നും കേരളത്തിൻ്റെ ദൈനംദിന കാര്യങ്ങൾ നടന്നു പോകുന്നത് കേന്ദ്ര സർക്കാരിൻ്റെ കാരുണ്യം കൊണ്ട് മാത്രമാണെന്നും ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.രാമനാട്ടുകര കൊറ്റ മംഗലത്ത് ബി.ജെ.പി ഏരിയാ കമ്മറ്റി സംഘടിപ്പിച്ച ഏകദിന പഠനശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 69000 കോടി രൂപ കേന്ദ്ര വിഹിതമായി കേരളത്തിന് കൊടുത്തു.ജി.എസ്.ടി.നഷ്ടം നികത്താൻ അധിക സഹായവും നൽകി. അമ്പത് രൂപയുടെ മദ്യം ആയിരം രൂപക്ക് വിറ്റിട്ടും ഏറ്റവും കൂടിയ ഇലക്ട്രിസിറ്റി, ബസ് ചാർജ്ജ് നടപ്പാക്കിയിട്ടും കേന്ദ്രം അകമഴിഞ്ഞ് സഹായിച്ചിട്ടും ശമ്പളവും പെൻഷനും കൊടുക്കുവാൻ കടമെടുത്ത് മുടിയുകയാണ് കേരളം.3.90 ലക്ഷം കോടിയാണ് കേരളത്തിൻ്റെ പൊതുകടം. സ്വന്തം വികസന പ്രവർത്തനങ്ങൾ ഒന്നുമില്ലാത്ത സംസ്ഥാനത്താണ് ഇത്രയും കടം. എന്നിട്ടും ധൂർത്തിന് ഒരു കുറവുമില്ല. തിരുത്താൻ ശ്രമിക്കുന്നതിന് പകരം നരേന്ദ്ര മോദി സർക്കാരിൻ്റെ ജനക്ഷേമപദ്ധതികൾക്ക് തുരങ്കം വെക്കാനാണ് സംസ്ഥാന ഭരണകൂടം ശ്രമിക്കുന്നതെന്നും അഡ്വ. വി. കെ.സജീവൻ പറഞ്ഞു.
കൊറ്റ മംഗലം ഏരിയ പ്രസിഡന്‍റ് ടി.പി.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ബിജെപി ദേശീയ സമിതിയംഗം സി.കെ.പത്മനാഭന്‍ മുതിര്‍ന്ന പ്രവര്‍ത്തകരുടെ സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻകാല പ്രവർത്തകരെ ആദരിച്ചു.ബിജെപി കോഴിക്കോട് മേഖലാ പ്രസിഡൻ്റ് ടി.പി.ജയചന്ദ്രന്‍ മാസ്റ്റര്‍,സംസ്ഥാന സമിതിയംഗം അഡ്വ.വി.പി.ശ്രീപത്മനാഭന്‍,ഡോ: ഇ.പി.ജ്യോതി, പ്രശസ്ത ചലച്ചിത്ര സീരിയൽ താരം ഇല്ലിക്കെട്ട് നമ്പൂതിരി എന്നിവര്‍ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.ഒബിസി മോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ ശശിധരന്‍ നാരങ്ങയില്‍,ബിജെപിമണ്ഡലം അദ്ധ്യക്ഷ ശ്രീമതി ചാന്ദ്നി ഹരിദാസ്,ജനറല്‍ സെക്രട്ടറിമാരായ കൃഷ്ണന്‍ പുഴക്കല്‍,രാജേഷ് പൊന്നാട്ടില്‍,ശങ്കരനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.