Thursday, January 23, 2025
Latest

അഖിലകേരള വായനോത്സവം സമാപിച്ചു


വടകര:ഇരിങ്ങൽ സർഗാലയ ആർട്സ് ആന്റ് ക്രാഫ്റ്റ് വില്ലേജിൽ രണ്ടുദിവസമായി നടന്ന സംസ്ഥാനതല അഖിലകേരള വായനോത്സവം സമാപിച്ചു.കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി അഖില കേരള വായനോത്സവവും മുതിർന്നവർക്കുവേണ്ടി വായനാ മത്സരവും സംഘടിപ്പിച്ചത്. സമാപന സമ്മേളനം എഴുത്തുകാരൻ കെ.ഇ.എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഹൈസ്കൂൾ, താലൂക്ക്, ജില്ല, സംസ്ഥാനം എന്നീ നാല് തലങ്ങളിലായാണ് അഖില കേരള വായന മത്സരം സംഘടിപ്പിച്ചത്. ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ,16 വയസു മുതൽ 25 വയസുവരെയുള്ളവർ, 25 വയസിനു മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ നിന്നായി 42 പേരാണ് സംസ്ഥാനതല വായനാ മത്സരത്തില്‍ മാറ്റുരച്ചത്. സാഹിത്യകാരന്മാരായ സുഭാഷ് ചന്ദ്രൻ, പി.കെ ഗോപി, ബി.എം സുഹറ എന്നിവരുമായി മത്സരാർത്ഥികൾ സർഗ്ഗ സംവാദം നടത്തി. പി.വി.കെ പനയാൽ മോഡറേറ്ററായി.

ചടങ്ങിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ അജിത് കൊളാടി, കെ ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ സ്വാ​ഗതവും കൊയിലാണ്ടി താലൂക്ക് ലെെബ്രറി കൗൺസിൽ സെക്രട്ടറി കെ.വി രാജൻ നന്ദിയും പറഞ്ഞു. വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിച്ചു.


Reporter
the authorReporter

Leave a Reply