കോഴിക്കോട്: പാളയം മാർക്കറ്റ് പൊളിക്കാനുള്ള നീക്കം സദുദ്ദേശപരമല്ലെന്ന് എൻഡി എ കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി എംടി രമേശ്. പാളയം മാർക്കറ്റ് നവീകരിക്കേണ്ടത് പാളയം മാർക്കറ്റ് അവിടെ നിന്നും മാറ്റിക്കൊണ്ടാവരുത്. പുതിയ കോഴിക്കോട് സൃഷ്ടിക്കേണ്ടത് പഴയതെല്ലാം പൊളിച്ചു കളഞ്ഞു കൊണ്ടാവരുതെന്നും എംടി രമേശ് വ്യക്തമാക്കി
പുതിയ കോഴിക്കോട് എന്ന് പറയുന്നത് പഴയതിനോടെല്ലാം ഗുഡ് ബൈ പറയുന്നതല്ല. പഴയതിനെയെല്ലാം പുതുക്കാൻ വേണ്ടിയിട്ടുള്ള പരിശ്രമം ആണുണ്ടാവേണ്ടതെന്നും എംടി രമേശ് പറഞ്ഞു.സൗത്ത് മണ്ഡലത്തിലെ പര്യടനത്തിനിടയിൽ പാളയത്ത് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാളയം മാർക്കറ്റ് നവീകരിക്കാനും, ഗതാഗത കുരുക്ക് പരിഹരിക്കാനുമാണ് ശ്രമിക്കേണ്ടത്. പാളയം മാർക്കറ്റ് പൊളിച്ചു മാറ്റുന്നത് ശരിയല്ലെന്നും, കോഴിക്കോടിന്റെ പ്രൗഢിയും , ഗരിമയും നിലനിർത്തിക്കൊണ്ടാവണം വികസനം ഉണ്ടാവേണ്ടതെന്നും എം ടി രമേശ് പറഞ്ഞു.
ഗുജറാത്തി സ്ട്രീറ്റ്, പാളയം, വെള്ളിഞ്ചേരി , ചാലപ്പുറം, കല്ലായി, പയ്യാനക്കൽ, കണ്ണഞ്ചേരി തുടങ്ങി സൗത്ത് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ആയിരുന്നു സ്ഥാനാർഥി പര്യടനം. ഗുജറാത്തി സ്ട്രീറ്റിൽ നൽകിയ സ്വീകരണ യോഗത്തിൽ ബിജെപി ജില്ലാ അധ്യക്ഷൻ വികെ സജീവൻ അധ്യക്ഷത വഹിച്ചു. ബിജെപി നേതാക്കളായ ടി വി ഉണ്ണികൃഷ്ണൻ,സുധീർ കെ വി, ടി റെനീഷ്, പ്രശോഭ് കോട്ടൂളി,രമ്യ സന്തോഷ്, സിപി വിജയകൃഷ്ണൻ, തുടങ്ങിയവർ സ്ഥാനാർത്ഥിയെ പര്യടനത്തിൽ അനുഗമിച്ചു.