കുട്ടികള്‍ ഉള്‍പ്പെടുന്ന പോണോഗ്രാഫി വീഡിയോകള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി. വിഷയത്തെ അതീവ ഗൗരവമായാണ് കാണുന്നതെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
കുട്ടികള്‍ ഉള്‍പ്പെടുന്ന പോണോഗ്രാഫിക് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. പ്രസ്തുത നിരീക്ഷണത്തെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പ്രതികരണം. ഹര്‍ജി കോടതി വിധി പറയാന്‍ മാറ്റിയിട്ടുണ്ട്.
ഇത്തരം വീഡിയോകള്‍ സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിച്ചാല്‍ മാത്രമാണ് നിയമലംഘനം ആവുന്നത് എന്നാണ് മദ്രാസ് ഹൈക്കോടതിയുടെ വിവാദ കണ്ടെത്തല്‍. ഇതിനെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തത്. എന്നാല്‍ ചൈല്‍ഡ് പോണോഗ്രാഫിക് വീഡിയോകള്‍ ഇന്‍ബോക്‌സില്‍ ലഭിക്കുകയാണെങ്കില്‍ അത് ഉടന്‍ തന്നെ ഡിലീറ്റ് ചെയ്യണം. അവ സൂക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നതും ഗൗരവകരമായ കുറ്റമാണെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.