കോഴിക്കോട്:മുഖ്യമന്ത്രി പിണറായി വിജയൻ കൊട്ടിഘോഷിച്ച് ഉത്ഘാടനം ചെയ്ത കല്ലുത്താൻ കടവിലെ ഫ്ലാറ്റ് നാല് വർഷം കൊണ്ട് തകർന്ന് തുടങ്ങിയതിന് കാരണം അശാസ്ത്രീയമായ നിർമ്മാണമാണെന്നും പ്രവൃത്തി പരിചയത്തിൽ പ്രാവിണ്യം കുറഞ്ഞ കമ്പനികൾക്ക് കരാർ നൽകുന്നതിലൂടെ ഭീഷണിയിലാകുന്നത് ജനങ്ങളുടെ ജീവനാണെന്നും ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡൻ്റ് ശോഭാ സുരേന്ദ്രൻ പറഞ്ഞു. അശാസ്ത്രീയമായി നിർമ്മാണം നടത്തിയ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് പകരം അവരെ സംരക്ഷിക്കുന്ന നിലപാടാണ് കോർപ്പറേഷൻ മേയർ സ്വീകരിക്കുന്നത്.നിർമ്മാണത്തി ലെ അപാകത കാരണം കഴിഞ്ഞ ദിവസം ഏഴാം നിലയിലെ ഫ്ലാറ്റിൽ തൊട്ടിലിൽ ഉറങ്ങിക്കിടന്ന കുഞ്ഞിൻ്റെ ജീവൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഫ്ലാറ്റിലെ മലിന ജല ടാങ്ക് പൊട്ടിപൊളിഞ്ഞു കിടന്നിട്ടും കുടിവെള്ളം മലിനമായിട്ടും നിരവധി തവണ ഫ്ലാറ്റ് നിവാസികൾ അധികൃതരെ സമീപിച്ചിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കാത്തത് കോർപ്പറേഷനും കരാറുകാരനും തമ്മിലുള്ള ധാരണയിലായിലാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
വ്യാഴാഴ്ച ബി.ജെ.പി.നേതാക്കളോടൊപ്പം ഫ്ലാറ്റ് സന്ദർശിക്കുകയായിരുന്നു അവർ. ഫ്ലാറ്റിലെ മുഴുവൻ കുടുംബങ്ങളും ഒപ്പ് വെച്ച പരാതി മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും നൽകുമെന്നും പരിഹാരം കാണാത്ത പക്ഷം ബി.ജെ.പി. ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡൻ്റ അഡ്വ.വി.കെ.സജീവൻ, ജില്ലാ സഹപ്രഭാരി കെ.നാരായണൻ മാസ്റ്റർ, ജനറൽ സെക്രട്ടറി എം.മോഹനൻ, സെക്രട്ടറി ടി.രനീഷ്, മണ്ഡലം പ്രസിഡൻ്റ് സി.പി.വിജയകൃഷണൻ, ജനറൽ സെക്രട്ടറി പി.രതീഷ്, എന്നിവർ ഫ്ലാറ്റ് സന്ദർശനത്തിൽ സംബന്ധിച്ചു.