Thursday, September 19, 2024
LatestPolitics

ഐ വി ഇന്നത്തെ തലമുറ പഠിക്കേണ്ട രാഷ്ട്രീയ പാഠപുസ്തകം; മന്ത്രി അഡ്വ. കെ രാജൻ


കോഴിക്കോട്: ഒരു കമ്മ്യൂണിസ്റ്റുകാരൻ എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച് ഇന്നത്തെ തലമുറ പഠിക്കേണ്ട രാഷ്ട്രീയ പാഠപുസ്തകമാണ് ഐ വി ശശാങ്കനെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. ഐവിയുടെ പെരുമാറ്റം, ജീവിത ലാളിത്യം എന്നിവയെല്ലാം എല്ലാവർക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ മുൻ ജില്ലാ സെക്രട്ടറിയും കിസാൻ സഭാ നേതാവുമായിരുന്ന ഐ വി ശശാങ്കന്റെ അഞ്ചാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ടൗൺ ഹാളിൽ നടന്ന അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തന്റെ 26-ാമത്തെ വയസിലാണ് പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായി ഐ വി ചുമതലയേൽക്കുന്നത്. പാർട്ടി വെല്ലുവിളി നേരിട്ടപ്പോഴെല്ലാം പ്രതിരോധിക്കാൻ ഐവിയുണ്ടായിരുന്നു. കേരളത്തിലാകെ പാർട്ടിയുടെ ആശയ പ്രചാരകനാവാൻ ഐ വി എടുത്തിരുന്ന ത്യാഗവും ആത്മസമർപ്പണവും അവിസ്മരണീയമാണ്. അടിസ്ഥാനപരമായ ആശങ്ങളിലൂടെയും സംവാദങ്ങളിലൂടെയും മാത്രമെ കമ്യൂണിസ്റ്റ് പാർട്ടിയെ മുന്നോട്ട് നയിക്കാൻ കഴിയുകയുള്ളുവെന്ന് അദ്ദേഹം വിശ്വസിച്ചു. കേവലം രാഷ്ട്രീയ പാഠാവലിയിൽ മാത്രം ഒതുങ്ങി നിൽക്കാതെ വായനയുടെ വിശാലമായ ലോകത്തേക്ക് വഴിമാറണമെന്നും ഐവി ആ കാലഘട്ടത്തിലെ തലമുറയോട് ആവർത്തിച്ചു പറയുമായിരുന്നു. രാജ്യ ചരിത്രം വരെ വളച്ചൊടിക്കുന്ന ഒരു സർക്കാർ രാജ്യം ഭരിക്കുന്ന കാലഘട്ടത്തിൽ ആഴത്തിലുള്ള വായന ഇല്ലാത്ത തലമുറ വളർന്നുവരുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ല. ഏറ്റവും അപകടം പിടിച്ച കാലത്തിലൂടെയാണ് രാജ്യമിന്ന് കടന്നുപോകുന്നത്. ഇന്ത്യ ഫാസിസത്തിന്റെ ഇടത്താവളമായി മാറിക്കൊണ്ടിരിക്കുന്നു. ആശയം കൊണ്ടും വാക്കുകൊണ്ടും ഭരണാധികാരികളെ വിമർശിക്കുന്ന ആളുകളെ കൊന്നൊടുക്കുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. അത്തരമൊരു സാഹചര്യത്തിലാണ് സമാന നിലപാടുകളുള്ള ആളുകൾ ഇന്ത്യയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഒരു രാഷ്ട്രീയ വേദിക്ക് രൂപം നൽകിയത്. അതിന്റെ നിയന്ത്രണത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ട്. സ്ത്രീ സംവരണബിൽ അവതരിപ്പിക്കാനോ സ്ത്രീകളെ അംഗീകരിക്കാനോ കേന്ദ്ര സർക്കാരിന് താത്പര്യമുണ്ടായിരുന്നില്ല. സ്ത്രീ സംവരണ ബിൽ ദേശീയ മഹിളാ ഫെഡറേഷന്റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തിയതോടെ സംസ്ഥാനത്തിന്റെ ചിത്രം മാറി. കോടികൾ ചെലവഴിച്ച് സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ പുതിയ കാലഘട്ടത്തിന് അനുസൃതമാക്കി. ലെെഫ് ഭവന പദ്ധതിയിലുടെ നിരവധി ആളുകൾക്ക് കയറിക്കിടക്കാൻ ഇടമുണ്ടാക്കി. നിരവധിയാളുകളെ ഭൂമിയുടെ അവകാശികളാക്കി. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനാവശ്യമായ കാര്യങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി അനുസ്മരണ പ്രഭാഷണം നടത്തി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ, സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. പി ഗവാസ്, കെ ജി പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ പി കെ നാസർ സ്വാഗതവും പി അസീസ് ബാബു നന്ദിയും പറഞ്ഞു.

Reporter
the authorReporter

Leave a Reply