Saturday, November 23, 2024
Politics

കേരളത്തിലെ വ്യവസായ രംഗത്തെ തകർത്തത് ഇടതുവലതുമുന്നണികൾ; എ.എൻ രാധാകൃഷ്ണൻ


കോഴിക്കോട്: കേരളത്തിലെ വ്യാവസായിക രംഗത്തെ നാമാവശേഷമാക്കിയത് ഇടതുവലത് മുന്നണികളെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ. എൻ രാധാകൃഷ്ണൻ. പുതുതലമുറയ്ക്കു വേണ്ട ഒരു പദ്ധതിയും കേരള സർക്കാർ നടപ്പാക്കുന്നില്ല. അതുകൊണ്ടാണ് പുതിയ തലമുറയിലെ പലരും രാജ്യം വിടുന്നത്. കേന്ദ്രസർക്കാർ ബഡ്ജറ്റിൽ പ്രതിപാദിക്കുന്ന ഒരു പദ്ധതികളും കേരള സർക്കാർ വേണ്ട വിധത്തിൽ പ്രാവർത്തികമാക്കുന്നില്ല. ജനങ്ങളോട് കുറ്റകരമായ അനാസ്ഥയാണ് ഭരണകൂടം കാണിക്കുന്നതെന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു.
കോഴിക്കോട് ബിജെപി ഓഫീസിൽ നടന്ന എൻഡിഎയുടെ കുറ്റപത്രം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.എൻ രാധാകൃഷ്ണൻ.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോഴും, പല സർവ്വേകളും രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമെന്നായിരുന്നു പറഞ്ഞത് . എന്നാൽ എല്ലാ സർവ്വേകളും തിരുത്തിയായിരുന്നു ശ്രീ നരേന്ദ്ര മോദി രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് വീണ്ടും എത്തിയത്. എന്നാൽ ഇന്ന് പ്രധാനമന്ത്രി സ്ഥാനാർഥി ആരെന്നു പറയാൻ പോലും പ്രതിപക്ഷ പാർട്ടികൾക്ക് ആവുന്നില്ലെന്നതാണ് വാസ്തവം. മിനിമം വേണ്ട 10% സീറ്റ് പോലും ഇന്ന് പ്രതിപക്ഷ പാർട്ടിക്ക് ഇല്ല, അതിനാൽ തന്നെ ഇവർക്ക് നിയമനിർമ്മാണം നടത്താനോ, രാജ്യത്തിൻ്റെ പുരോഗതിയിൽ പങ്കാളികളാകാനോ കഴിയില്ല എന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു.

ആയുഷ്മാൻ ഭാരത്, കിസാൻ സമ്മാൻ പദ്ധതി, മത്സ്യ മേഖലയ്ക്ക് പ്രത്യേകമായ ഒരു വകുപ്പ് ഇതെല്ലാം നരേന്ദ്രമോദി സർക്കാറാണ് പ്രാബല്യത്തിൽ കൊണ്ടുവന്നത്. കേരളത്തിൽ നിന്ന് അമൃത് പദ്ധതിയിൽ 19 സ്ഥലങ്ങൾ ഉണ്ടായിട്ടും കൃത്യമായി ഉപയോഗിക്കാൻ കേരള സർക്കാറിന് കഴിഞ്ഞിട്ടില്ല.
4500 കോടി രൂപയാണ് കേന്ദ്രസർക്കാർ കൊച്ചിൻ ഷിപ് യാർഡിന് മാത്രമായി മാറ്റിവെച്ചിരിക്കുന്നത് .
ഒരു ലക്ഷത്തി അമ്പതിനായിരംകോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി മോദി സർക്കാർ മാറ്റിവെച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും കൃത്യമായി രീതിയിൽ സംസ്ഥാന സർക്കാർ ഉപയോഗിക്കുന്നില്ല. സംസ്ഥാനത്തെ എംപിമാർ ജനിച്ചവീടും മരിച്ച വീടും സന്ദർശനം മാത്രമാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നും എ.എൻ രാധാകൃഷ്ണൻ പരിഹസിച്ചു.

ഈ തെരഞ്ഞെടുപ്പിൽ പല ഇടത് വലത് എംപിമാരും മത്സരിക്കുന്നില്ല എന്ന് പറഞ്ഞിരുന്നു. അതൊരു ഒളിച്ചോട്ടമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അടൂർ പ്രകാശനും , കെപിസിസി പ്രസിഡൻറ് കെ സുധാകരനും. വടകര വിട്ട് തൃശ്ശൂരിൽ മത്സരിക്കുന്ന കെ മുരളീധരനും.

കേരളത്തിലെ വ്യാവസായികരംഗം ഒരു ശവപ്പറമ്പ് ആയി മാറുകയാണെന്നും, പുതുതലമുറയിൽ ഉള്ളവർ രാജ്യം വിടുകയാണെന്നും, കേരളം കാരണന്മാർ മാത്രമുള്ള നാടായി , ഒരു നരച്ച കേരളമായി മാറുന്നു എന്നും എ. എൻ രാധാകൃഷ്ണൻ പറഞ്ഞു.


Reporter
the authorReporter

Leave a Reply