GeneralHealthLatest

വൃക്കമാറ്റിവെക്കല്‍ അവശ്യമായവര്‍ക്ക് ആശ്വാസമായി ‘ഹോപ് രജിസ്ട്രി’ യാഥാര്‍ത്ഥ്യമാകുന്നു


കോഴിക്കോട്: വൃക്കമാറ്റിവെക്കാന്‍ തയ്യാറായ ദാതാവുണ്ടായിട്ടും മാച്ചിംഗ് ഇല്ലാത്തത് മൂലമോ മറ്റ് കാരണങ്ങളാലോ വൃക്കമാറ്റിവെക്കാന്‍ സാധിക്കാതെ വരുന്ന ധാരാളം പേര്‍ നമ്മുടെ പൊതു സമൂഹത്തിലുണ്ട്. എല്ലാ പ്രതീക്ഷയും നശിച്ച് ഡയാലിസിസിനെ മാത്രം ആശ്രയിച്ച് മുന്‍പിലേക്ക് പോകേണ്ടി വരുന്ന ഇത്തരക്കാര്‍ക്ക് ആശ്വാസമായിക്കൊണ്ട് ‘ഹോപ് രജിസ്ട്രി’ എന്ന സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നു.

സ്വാപ് ട്രാന്‍സ്പ്ലാന്റ് വഴി ഈ വെല്ലുവിളിയെ മറികടക്കുക എന്നതാണ് ഹോപ് രജിസ്ട്രിയുടെ പ്രധാന ഉദ്ദേശ ലക്ഷ്യം. വൃക്കനല്‍കാന്‍ തയ്യാറുള്ള വ്യക്തിയുടേയും വൃക്ക സ്വീകരിക്കേണ്ട വ്യക്തിയുടേയും വിശദമായ വിവരങ്ങള്‍ ഹോപ് രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ഇതിന്റെ ആദ്യ കടമ്പ. തുടര്‍ന്ന് ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് സന്നദ്ധനായ ദാതാവിന്റെ വൃക്ക അനുയോജ്യമായ മറ്റൊരു സ്വീകര്‍ത്താവിനെ കണ്ടെത്തും, അതുപോലെ തന്നെ ആ സ്വീകര്‍ത്താവിന് വൃക്കദാനം ചെയ്യാന്‍ സന്നദ്ധനായ ദാതാവിന്റെ വൃക്ക ആദ്യത്തെ സ്വീകര്‍ത്താവിനെ അനുയോജ്യമാണെങ്കില്‍ അദ്ദേഹത്തിന് നല്‍കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യും. ഇതൊരു ചങ്ങല പോലെയാണ്. ആദ്യത്തെ രോഗിക്ക് അനുയോജ്യമായ വൃക്ക ലഭിക്കുന്ന വ്യക്തിയെ കണ്ടെത്തുന്നത് വരെ ഈ ചങ്ങലയുടെ ദൈര്‍ഘ്യം നീളും. പലപ്പോഴും രണ്ട് പേര്‍ പരസ്പരം കൈമാറ്റം ചെയ്യാന്‍ സാധിക്കുമെങ്കില്‍ ചിലപ്പോള്‍ ഇതിന്റെ എണ്ണം മൂന്നോ, നാലോ, അഞ്ചോ ഒക്കെയായി ഉയരാറുണ്ട്. ടൂ വേ സ്വാപ്, ത്രീ വേ സ്വാപ്, ഫോര്‍ വേ സ്വാപ് എന്നിങ്ങനെയാണ് ഇത്തരം ചങ്ങലകളെ വിശേഷിപ്പിക്കുക.

ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ സമഗ്രമായ ഒരു രജിസ്‌ട്രേഷന്‍ സംവിധാനം നിലവില്‍ വരുന്നത് എന്ന് ഹോപ് രജിസ്ട്രിയുടെ പാട്രണ്‍ കൂടിയായ ഫാദര്‍ ഡേവിസ് ചിറമ്മല്‍ പറഞ്ഞു. അവയവ കച്ചവടം ഉള്‍പ്പെടെയുള്ള സാമൂഹിക വിപത്തുകള്‍ക്ക് തടയിടാനും ഈ ഉദ്യമത്തിലൂടെ സാധിക്കുമെന്നും സ്വാപ് ട്രാന്‍സ്പ്ലാന്റ് തികച്ചും നിയമപരമായി അംഗീകരിക്കപ്പെട്ട നടപടിക്രമമാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഹോപ് രജിസ്ട്രി എന്നത് സുതാര്യമായ രജിസ്‌ട്രേഷന്‍ സംവിധാനമാണെന്നും, യാതൊരു തരത്തിലുമുള്ള സാമ്പത്തികമായ താല്‍പര്യങ്ങളോ ചെലവുകളോ ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായി വരുന്നില്ല എന്നും കേരളത്തിലെ എല്ലാ ഹോസ്പിറ്റലുകളിലെയും നെഫ്രോളജിസ്റ്റുകളുടെ സഹകരണം ഇതിനായി ഉറപ്പ് വരുത്തിക്കൊണ്ടിരിക്കുകയാണെന്നും ഹോപ് രജിസ്ട്രിയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ജവാദ്് അഹ്‌മദ് പറഞ്ഞു. പരമാവധി വേഗത്തില്‍ ഇന്ത്യയില്‍ ഉടനീളം ഈ സേവനം എത്തിക്കുക എന്നതാണ് ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രജിസ്‌ട്രേഷന്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് 9207032000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

പത്രസമ്മേളനത്തില്‍ ഫാ. ഡേവിസ് ചിറമ്മല്‍ (ചഫ് പാട്രണ്‍, ഹോപ് രജിസ്ട്രി), ഡോ. ഫിറോസ് അസീസ് (ട്രാന്‍സ്പ്ലാന്റ് നെഫ്റോളജിസ്റ്റ്) ഡോ. ജവാദ് അഹ്‌മദ് (അഡ്മിനിസ്ട്രേറ്റര്‍, ഹോപ് രജിസ്ട്രി) എന്നിവര്‍ സംസാരിച്ചു.


Reporter
the authorReporter

Leave a Reply