കോഴിക്കോട്: തിറയാട്ടത്തിന്റെ ചരിത്രവും വൈവിധ്യവും പറയുന്ന പുസ്തകം തിറയാട്ട വേഷങ്ങള്‍ ഏറ്റുവാങ്ങി. വൈവിധ്യമായ പ്രകാശന ചടങ്ങിന് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാള്‍ വേദിയായി.
എത്ത്‌നിക് ആര്‍ട്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച തിറയാട്ടം കലാകാരന്‍ മൂര്‍ക്കനാട്ട് പീതാംബരന്റെ ‘തിറയാട്ടം കാവുത്സവങ്ങളുടെ അനുഷ്ഠാന രംഗകല’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള നിര്‍വ്വഹിച്ചു. നാല് തിറയാട്ട വേഷങ്ങള്‍ ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതാണ് കാവുകളെന്നും അതിന്റെ ഭാഗമായ തിറയാട്ടങ്ങളെയും അതിന്റെ പൈതൃകങ്ങളെയും സരക്ഷിച്ചു നിര്‍ത്തേണ്ടതുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കാവു തീണ്ടിയാല്‍ കിണര്‍ വറ്റുമെന്ന് പഴമക്കാര്‍ പറഞ്ഞു. ഇന്ന് വനങ്ങള്‍ നശിച്ച് മരങ്ങള്‍ ഇല്ലാതായി. പ്രകൃതിയെ മറുന്നു ജീവിച്ച മനുഷ്യന്‍ ജീവനുവേണ്ടി പോരാടുന്ന കാഴ്ചകള്‍ കാലം നമുക്കു കാട്ടിത്തരുന്നു. ഈ കാലഘട്ടത്തില്‍ പഴമൊഴിയുടെ പ്രസക്തി നാം മനസിലാക്കി പൈതൃകങ്ങളെയും അനുഷ്്ഠാന കലകളെയും സംരക്ഷിച്ചു നിര്‍ത്തേണ്ടതുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
കേരള ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എ.വി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. എം.കെ.രാഘവന്‍ എം.പി. മുഖ്യാതിഥിയായിരുന്നു. ഇ.കെ.ഗോവിന്ദവര്‍മ രാജ ( മുന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫോക്‌ലോര്‍ വിഭാഗം മേധാവി) പുസ്തകം പരിചയപ്പെടുത്തി. യുസി. രാമന്‍ ( കാവ് സംരക്ഷണ സമിതി ചെയര്‍മാന്‍), എ.പി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മൂര്‍ക്കനാട് പീതാബംരന്‍ മറുഭാഷണം നടത്തി. എത്ത്നിക് ആര്‍ട്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സെക്രട്ടറി മാധവിക്കുട്ടി.എം. സ്വാഗതവും ഡയറക്ടര്‍ കെ.എം. അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞു.
തിറയാട്ടം കലാകാരനായ പിതാംബരന്‍ ഈ മേഖലയില്‍ 50 വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ‘തിറയാട്ടം’ എന്ന പുസ്തകം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിറയാട്ടത്തിനെക്കുറിച്ചുള്ള ഗവേഷണത്തിന് കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.