AgricultureclimatLatest

റൂഹിയുടെ ഹരിത മോഹങ്ങള്‍ക്ക് കരുത്തേകാന്‍ ഗവര്‍ണ്ണറെത്തി

Nano News

കോഴിക്കോട്: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തക കോഴിക്കോട്ടുകാരി റൂഹി മൊഹ്സബ് വിദ്യാലയങ്ങളേയും നാടിനേയും ഹരിതാഭമാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ ‘ട്രീ ബാങ്ക്് നഴ്സറി’ പദ്ധതിക്ക് ശക്തി പകര്‍ന്ന് കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ട്രീ ബാങ്ക് നഴ്‌സറിയുടെ ഔപചാരിക ഉദ്ഘാടനം ഗവര്‍ണ്ണര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് റൂഹിയോടൊപ്പം സ്‌കൂളില്‍ വൃക്ഷത്തൈകളും നട്ടു. റൂഹിയുടെ പ്രവര്‍ത്തനം മികച്ചതും വേറിട്ടതുമാണെന്നും എല്ലാ വിദ്യാര്‍ത്ഥികളും ഇത് മാതൃകയാക്കണമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. വികസിത ഭാരതത്തില്‍ സാമ്പത്തിക വളര്‍ച്ച മാത്രം പേരാ നമുക്ക്. ഒപ്പം പ്രകൃതി സംരക്ഷണവും നമ്മള്‍ ഉയര്‍ത്തിപ്പിടിക്കണം. വീണ്ടും വീണ്ടും മരങ്ങള്‍ നട്ടുകൊണ്ടേയിരിക്കണം. ആഗോള താപനത്തിന്റെ ഭീഷണയില്‍ കഴിയുന്ന മനുഷ്യ രാശിക്ക്് മരങ്ങള്‍ മാത്രമാണ് അനുഗ്രഹമായി മാറുന്നതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

കേരളം മുതല്‍ കാശ്മീര്‍ വരെയുള്ള 10,000 വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തെരഞ്ഞെടുത്ത് ഓരോ വിദ്യാലയത്തിന്റേയും നേതൃത്വത്തില്‍ 1000 വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുകയാണ് ട്രീ ബാങ്ക് നഴ്‌സറി പദ്ധതിയുടെ ലക്ഷ്യം. അതാത് പ്രദേശങ്ങളിലെ പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന നാട്ടു വൃക്ഷങ്ങളായിരിക്കും നട്ടു പിടിപ്പിക്കുക. മൂന്നു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാകുമ്പോഴേക്കും ഒരു കോടി വൃക്ഷങ്ങള്‍ രാജ്യത്ത് തളിര്‍ത്തു തുടങ്ങുക – അതാണ് ലക്ഷ്യം.
ചടങ്ങില്‍ ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍, ഗാനരചയിതാവ് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, റൂഹി മൊഹ്‌സബ് എന്നിവര്‍ സംസാരിച്ചു. റൂഹിയുടെ പിതാവ് അബ്ദുള്‍ ഗനി സ്വാഗതവും നടക്കാവ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

പ്രകൃതി സംരക്ഷണത്തിനായി ഇതിനോടകം നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധ നേടിയിട്ടുണ്ട് റൂഹി. പ്രകൃതി സംരക്ഷണ സന്ദേശം പകരുന്നതിനായി പാസ്‌പോര്‍ട്ടുകള്‍ റീ സൈക്കിള്‍ഡ് പേപ്പറില്‍ പ്രിന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയുള്‍പ്പെടെ ലോക രാഷ്ട്രത്തലവന്‍മാര്‍ക്ക് സ്വന്തം കൈപ്പടയിലെഴുതിയ കത്തയച്ചായിരുന്നു തുടക്കം. അതീവ ഗൗരവമുള്ള പാസ്‌പോര്‍ട്ടില്‍ ഇത്തരത്തിലുള്ള മാറ്റം വരുമ്പോള്‍ അത് ജനം ചര്‍ച്ച ചെയ്യുകയും വനനശീകരണത്തിനെതിരെയുള്ള നിശബ്ദ ബോധവത്ക്കരണമായി അതു മാറുകയും ചെയ്യുമെന്നാണ് റൂഹി കത്തിലൂടെ ആവശ്യപ്പെട്ടത്. വയനാടിനെ നടുക്കിയ പുത്തുമല ദുരന്തത്തില്‍ തകര്‍ന്ന പ്രദേശത്ത് മണ്ണിടിച്ചില്‍ തടയുന്നതിനായി ആല്‍, നീര്‍മരുത്, താന്നി എന്നീ വൃക്ഷങ്ങളുടെ തൈകള്‍ നട്ടും റൂഹി മാതൃകയായിട്ടുണ്ട്.

പ്രകൃതി സംരക്ഷത്തിനായുള്ള സന്ദേശം കുരുന്നിലേ മാതാപിതാക്കളായ അബ്്ദുള്‍ ഗനി, ഡോ. അനീസ മുഹമ്മദ് എന്നിവര്‍ റൂഹിക്ക് പകര്‍ന്നു നല്‍കിയിരുന്നു. റീ സൈക്കിള്‍ഡ് പേപ്പര്‍ ബുക്കുകളാണ് അവള്‍ക്ക് പഠനത്തിന് കിന്റര്‍ ഗാര്‍ഡന്‍ മുതല്‍ അവള്‍ക്ക് വാങ്ങിച്ചു നല്‍കിയത്. കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിയായ പാറോപ്പടി കോമണ്‍ ഗ്രൗണ്ട് ഇന്റര്‍നാഷണല്‍ അക്കാഡമിയിലെ ഫസ്റ്റ് സ്ന്റാന്റേഡര്‍ഡ് വിദ്യാര്‍ത്ഥിനിയാണ്.

 


Reporter
the authorReporter

Leave a Reply