ബേപ്പൂരിലെയും ചാലിയത്തെയും ഓളപ്പരപ്പിലും കടല്‍ത്തീരങ്ങളിലും ഇനിയുള്ള മൂന്നു ദിനരാത്രങ്ങള്‍ സാഹസികതയുടെയും വിനോദത്തിന്റെയും ആരവമുയരും. അന്താരാഷ്ട്ര സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇതിനകം ഇടം നേടിയ ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ സീസണ്‍ നാലിന് നാളെ (ഡിസംബര്‍ 27) കൊടിയുയരും. സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിയും സംയുക്തമായി സംഘടിപ്പിക്കുന്ന വാട്ടര്‍ ഫെസ്റ്റുമായി ബന്ധപ്പെട്ട പരിപാടികള്‍ ബേപ്പൂരില്‍ ചാലിയാറിന്റെ തീരത്തും മറീന ബീച്ചിലും ചാലിയത്തും നല്ലൂര്‍ മിനി സ്റ്റേഡിയത്തിലുമായാണ് അരങ്ങേറുക.
27ന് നാളെ രാവിലെ ആറു മണിക്ക് കോഴിക്കോട് ബീച്ചില്‍ നിന്ന് ബേപ്പൂരിലേക്ക് വാട്ടര്‍ ഫെസ്റ്റിന്റെ പതാകയും വഹിച്ചുള്ള സൈക്കിള്‍ റാലിയോടെ പരിപാടികള്‍ക്ക് തുടക്കമാവും. രാവിലെ എട്ടു മണിയോടെ ബേപ്പൂര്‍ ബീച്ചില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പാതകയുയര്‍ത്തും.
രാവിലെ 10 മണി മുതല്‍ ബേപ്പൂര്‍ കടലില്‍ സെയ്‌ലിംഗ്, ബേപ്പൂര്‍ ബീച്ചില്‍ സര്‍ഫിംഗ്, ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ബ്രേക്ക് വാട്ടറില്‍ ഡിങ്കി ബോട്ട് റേസ്, ഫ്ളൈബോര്‍ഡ് ഡെമോ, ബേപ്പൂര്‍ ബീച്ചില്‍ ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍ എന്നിവ അരങ്ങേറും. ഉച്ചയ്ക്കു ശേഷം മൂന്നു മണി മുതല്‍ ബ്രേക്ക് വാട്ടറില്‍ വലവീശല്‍, ബേപ്പൂര്‍ മറീനയില്‍ പാരാമോട്ടോറിംഗ്, വൈകിട്ട് നാലു മണി മുതല്‍ ബ്രേക്ക് വാട്ടറില്‍ ട്രഷര്‍ ഹണ്ട് എന്നിവയും നടക്കും.
ഉദ്ഘാടനസമ്മേളനത്തിന് മുന്നോടിയായി വര്‍ണാഭമായ ഘോഷയാത്രയും സംഘടിപ്പിക്കും. വൈകിട്ട് നാലു മണിക്ക് ബേപ്പൂര്‍ കയര്‍ ഫാക്ടറി പരിസരത്ത് നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ആറു മണിയോടെ ഉദ്ഘാടന വേദിയായ ബേപ്പൂര്‍ ബീച്ചില്‍ സമാപിക്കും.
ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍ മുഖ്യാതിഥികള്‍
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് സീസണ്‍ നാലിന്റെ ഔപചാരിക ഉദ്ഘാടനം വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. എം കെ രാഘവന്‍ എംപി, മേയര്‍ ബീന ഫിലിപ്പ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. സിനിമ സംവിധായകരും നടന്‍മാരുമായ ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്, ടൂറിസം വകുപ്പ് ഡയരക്ടര്‍ ശിഖ സുരേന്ദ്രന്‍, ടൂറിസം വകുപ്പ് സെക്രട്ടറി ബിജു കെ തുടുങ്ങിയവര്‍ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ നയിക്കുന്ന ലൈവ് മ്യൂസിക് ഷോ നടക്കും. അന്നേ ദിവസം തന്നെ വൈകിട്ട് ഏഴിന് ഹിഷാം അബ്ദുല്‍ വഹാബും സംഘവും നയിക്കുന്ന സംഗീത പരിപാടി ചാലിയം ബീച്ചിലും വൈകാഷ് വരവീണ, പുനിയ പ്രദീപ് ടീമിന്റെ സംഗീത പരിപാടി നല്ലൂര്‍ മിനി സ്റ്റേഡിയത്തിലും അരങ്ങേറും.
ടൊവിനോ തോമസ് ഗസ്റ്റ് ഓഫ് ഓണര്‍
ഡിസംബര്‍ 28ന് രാവിലെ 9 മുതല്‍ കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക സേനയുടെയും കപ്പലുകള്‍ ബേപ്പൂര്‍ തുറമുഖത്ത് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിനെത്തും. തുടര്‍ന്ന് സെയിലിംഗ്, സിറ്റ് ഓണ്‍ ടോപ്പ് കയാക്ക്, ഫ്‌ളൈ ബോര്‍ഡ് ഡെമോ, ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍, പാരാമോട്ടോറിംഗ്, കനെയിംഗ്, നേവി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഡെമോ, സ്റ്റാന്റ് അപ്പ് പാഡ്‌ലിംഗ് ഡെമോ, സര്‍ഫിംഗ് എന്നിവ നടക്കും. വൈകിട്ട് നേവി ബാന്‍ിന്റെ സംഗീത പരിപാടി, 7.30ന് ഡ്രോണ്‍ ഷോ എന്നിവ അരങ്ങേറും. വൈകിട്ട് 6.30ന് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഗസ്റ്റ് ഓഫ് ഓണറായി സിനിമാ താരം ടൊവിനോ തോമസ് പങ്കെടുക്കും. വൈകിട്ട് ഏഴിന് കെ എസ് ഹരിശങ്കര്‍ ആന്റ് ടീം ബേപ്പൂര്‍ ബീച്ചിലും രഞ്ജിനി ജോസ് ബാന്‍ഡ് ചാലിയം ബീച്ചിലും ജ്യോത്സ്‌ന രാധാകൃഷ്ണന്‍ ബാന്ഡ് നല്ലൂര്‍ മിനി സ്റ്റേഡിയത്തിലും സംഗീത പരിപാടികള്‍ അവതരിപ്പിക്കും. ഡസംബര്‍ 29ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഫിഷറീസ്, സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പങ്കെടുക്കും.
ഭക്ഷ്യമേള ഇന്ന് സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഭക്ഷ്യമേളയുടെ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 26) വൈകിട്ട് ആറു മണിക്ക് ബേപ്പൂര്‍ പാരിസണ്‍സ് കോംപൗണ്ടില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുക്കും. രുചി വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഭക്ഷ്യമേള ഡിസംബര്‍ 31 വരെ നീണ്ടുനില്‍ക്കും.