HealthLatest

സംസ്ഥാനത്തെ ആദ്യ -റോബോട്ടിക് ഗെയ്റ്റ് ട്രെയ്‌നര്‍- കോഴിക്കോട് മേയ്ത്രയില്‍


കോഴിക്കോട്: പക്ഷാഘാതം ഉള്‍പ്പെടെ നാഡീസംബന്ധമായ രോഗങ്ങള്‍ നേരിട്ടവര്‍ക്ക് സ്വാഭാവിക ചലനങ്ങളിലേക്ക് തിരികെ വരാന്‍ ആക്കം കൂട്ടുന്ന – റോബോട്ടിക് ഗെയ്റ്റ് ട്രെയ്‌നര്‍ – സംവിധാനം കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്ത് ഈ സംവിധാനം കൊണ്ടു വരുന്ന സംസ്ഥാനത്തെ ആദ്യ ഹോസ്പിറ്റലാണ് മേയ്ത്ര ഹോസ്പിറ്റല്‍.

പക്ഷാഘാതം, തലയ്ക്ക് ഏല്‍ക്കുന്ന പരിക്കുകള്‍, മറ്റു നാഡീസംബന്ധമായ തകരാറുകള്‍ തുടങ്ങിയവ സംഭവിച്ച രോഗികളുടെ പുനരധിവാസത്തിന് ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യയായ റോബോട്ടിക് ഗെയ്റ്റ് ട്രെയ്‌നര്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിനു കീഴിലാണ് പ്രവര്‍ത്തിക്കുക. ഓരോ വ്യക്തിയും നടക്കുകയോ പടികയറുകയോ ചെയ്യുന്ന പ്രത്യേക രീതി- ഗെയ്റ്റ് – റോബോട്ടിന്റെ സഹായത്തോടെ ശരിപ്പെടുത്തിക്കൊണ്ട് രോഗികള്‍ക്ക് വീഴുമെന്ന ഭയം കൂടാതെ നടക്കാനും നില്‍ക്കാനും കഴിയുന്ന സംവിധാനമാണിത്. രോഗികള്‍ക്ക് സാധാരണ ഗതിയില്‍ നില്‍ക്കാനും വേഗത്തില്‍ നടക്കാനും ഗെയ്റ്റ് ട്രെയ്‌നര്‍ സഹായിക്കും. സുഷുംന നാഡിക്ക് ക്ഷതമേറ്റവര്‍, തലച്ചോറിനു പരുക്കേറ്റവര്‍, പക്ഷാഘാതം, പാര്‍ക്കിന്‍സണിസം തുടങ്ങിയ രോഗമുള്ളവര്‍ക്കാണ് റോബോട്ടിക് ഗെയ്റ്റ് ട്രെയ്‌നര്‍ പ്രധാനമായും ഉപയോഗിക്കുക. പ്രത്യേക പരിശീലനം സിദ്ധിച്ച ഫിസിയോതെറപി സംഘമാണ് ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കുക.
ഏതു രോഗമായാലും, പ്രത്യേകിച്ച് നാഡീസംബന്ധമായ രോഗങ്ങളില്‍ ചികിത്സയ്ക്കു ശേഷമുള്ള പുനരധിവാസം നിര്‍ണായകമാണെന്നും റോബോട്ടിക് ഗെയ്റ്റ് ട്രെയ്‌നര്‍ സ്ഥാപിച്ചതിലൂടെ രോഗാവസ്ഥയില്‍ നിന്ന് അതിവേഗം മോചനം നേടാന്‍ അവസരമൊരുക്കുകയാണ് ചെയ്യുന്നതെന്നും മേയ്ത്ര ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. നാഡീസംബന്ധമായ തകരാറുകളില്‍ ഏറ്റവും വലിയ പ്രശ്‌നം രോഗികളുടെ ചലനവൈകല്യങ്ങളാണ്. പുതിയ സംവിധാനം വന്നതോടെ രോഗികളെ നേരത്തെയുണ്ടായിരുന്ന അവസ്ഥയിലേക്ക് എത്തിക്കാനും മികച്ച ഫലം ലഭ്യമാക്കാനും കഴിയുമെന്ന് ഹോസ്പിറ്റല്‍ ഡയറക്ടറും സെന്റര്‍ ഫോര്‍ ഹാര്‍ട്ട് ആന്റ് വാസ്‌കുലര്‍ കെയര്‍ ഉപദേഷ്ടാവും കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. അലി ഫൈസല്‍ പറഞ്ഞു.
ലോകത്ത് പക്ഷാഘാതവുമായി ബന്ധപ്പെട്ട് ചലനവൈകല്യം സംഭവിക്കുന്നവരുടെ എണ്ണം 2030 ആകുമ്പോഴേക്കും 170 ദശലക്ഷം ആകുമെന്നാണ് കണക്ക്. റോബോട്ടിക് ഗെയ്റ്റ് ട്രെയ്‌നറിന്റെ സഹായത്തോടെ രോഗികള്‍ക്ക് സുരക്ഷിതവും നിയന്ത്രിതവുമായ രീതിയില്‍ നടക്കാനും ചലിക്കാനും സാധിക്കുന്ന സ്ഥിതി വരുമെന്ന് ഫിസിയാട്രിസ്റ്റ് ഡോ. നൗഫല്‍ അലി പറഞ്ഞു. രോഗം കൊണ്ടോ പരിക്കുകള്‍ കൊണ്ടോ ചലനവൈകല്യം സംഭവിച്ചവര്‍ക്ക് നൂതന ചികിത്സയ്ക്ക് നേതൃത്വം നല്‍കുക വിദഗ്ധരായ ഫിസിക്കല്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍, ഫിസിയോ തെറപിസ്റ്റ്, ഒക്യുപ്പേഷനല്‍ തെറപിസ്റ്റ്, സ്പീച്ച് ആന്റ് സ്വാളോ തെറപിസ്റ്റ്, ഓര്‍ത്തോട്ടിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ്.


Reporter
the authorReporter

Leave a Reply