കോഴിക്കോട്:സി.പി.ഐ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ഭവന സന്ദർശന പരിപാടിക്ക് വ്യാഴാഴ്ച തുടക്കമാവും. ജില്ലയിലെ മുഴുവൻ ബ്രാഞ്ച് പരിധിയിലും പാർട്ടി സംസ്ഥാന- ജില്ലാ നേതൃനിരയിലെ ആളുകൾ മുതൽ ബ്രാഞ്ച് അംഗങ്ങൾ വരെ ഈ മാസം 31വരെ നടക്കുന്ന ഭവന സന്ദർശന പരിപാടിയിൽ പങ്കെടുക്കുകയും ജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻ്റിനെയും പാർട്ടിയേയും സംബന്ധിച്ച ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരായുകയുമാണ് സന്ദർശനം കൊണ്ട് ഉദ്ദേശിക്കുന്നത്.
ജില്ലാതല ഉദ്ഘാടനം 15 ന് രാവിലെ 8.30 ന് വെസ്റ്റ്ഹിൽ ബ്രാഞ്ച് പരിധിയിൽ സി. പി. ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി നിർവ്വഹിക്കും. ജില്ലാ സെക്രട്ടറി അഡ്വ പി ഗവാസ് പങ്കെടുക്കും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ പി വസന്തം കല്ലാച്ചിയിലും, ഇ.കെ വിജയൻ MLA വാണിമേലും, സംസ്ഥാന കൗൺസിൽ അംഗം കെ കെ ബാലൻ മേപ്പയൂരിലും, ടി.കെ രാജൻ മാസ്റ്റർ എടച്ചേരിയിലും ഭവന സന്ദർശനപരിപാടിയിൽ പങ്ക് ചേരും.
പരിപാടി വൻ വിജയമാക്കാൻ എല്ലാ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് ജില്ലാ സെക്രട്ടറി അഡ്വ പി ഗവാസ് അഭ്യർത്ഥിച്ചു.










