താമരശ്ശേരി: ലഹരിക്കടിമപ്പെട്ട മകൻ പെറ്റുമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നടുങ്ങി നാട്. അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയെ (52) ശനിയാഴ്ച ഉച്ചയോടെ മകൻ ആഷിഖ് (24) അടുത്ത വീട്ടിൽനിന്ന് വാങ്ങിയ കൊടുവാൾകൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. തലയിൽ ട്യൂമർ ബാധിച്ചതിനെ തുടർന്ന് ശസ്ത്രക്രിയക്കുശേഷം വീട്ടിൽ കിടപ്പിലായിരുന്നു സുബൈദ.
നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്തത്തിൽ കുളിച്ചുകിടക്കുന്ന സുബൈദയെയാണ് കണ്ടത്. ഈ സമയം ആഷിഖ് മറ്റൊരു മുറിയിൽ ഒളിച്ചിരിക്കുകയായിരുന്നു. നാട്ടുകാർക്കുനേരെ കൊടുവാളുമായി ഭീഷണി മുഴക്കിയെങ്കിലും പിടികൂടി കെട്ടിയിടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് താമരശ്ശേരി പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
തേങ്ങ പൊളിക്കാനെന്നു പറഞ്ഞാണ് അടുത്ത വീട്ടിൽനിന്ന് കൊടുവാൾ വാങ്ങിയത്. കൊടുവാൾ കഴുകി വൃത്തിയാക്കി തെളിവു നശിപ്പിക്കുകയും ചെയ്തു. വീടിനകത്താകെ രക്തം തളംകെട്ടി കിടക്കുന്ന നിലയിലായിരുന്നു. പ്രദേശവാസികൾ ആംബുലൻസിൽ സുബൈദയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അസുഖത്തെ തുടർന്ന് സുബൈദ സഹോദരിയുടെ കട്ടിപ്പാറ വേനക്കാവിലെ വീട്ടിലായിരുന്നു താമസം. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് പരിസരത്ത് തടിച്ചുകൂടിയത്.