കോഴിക്കോട്: മോഡി ഭരണത്തിൽ സ്ത്രീ സുരക്ഷയിൽ രാജ്യം ഏറ്റവും പിന്നോക്കം പോകുന്ന സ്ഥിതിയാണ് ഉള്ളതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. പി വസന്തം. സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശമാണ് രാജ്യത്ത് നിഷേധിക്കപ്പെടുന്നത്. മോഡി സർക്കാർ നടപ്പാക്കുന്നത് സ്ത്രീ വിരുദ്ധ, കോർപറേറ്റ് പ്രീണന നയങ്ങളാണ്. മനുസ്മൃതിയിലും വർഗീയതയിലും അധിഷ്ഠിതമായ നയങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ രാജ്യത്ത് ഓരോ ദിവസവും വർധിക്കുകയാണെന്നും പി വസന്തം പറഞ്ഞു. സിപിഐ രൂപീകരണത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായുള്ള ശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി ജനാധിപത്യവും സ്ത്രീകളും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീകൾക്ക് തുല്യാവകാശം ഉറപ്പാക്കുന്ന ഭരണഘടനയിലെ വ്യവസ്ഥകളെല്ലാം അട്ടിമറിക്കപ്പെടുകയാണ്. ജനാധിപത്യത്തിന്റെ നിർവചനം പോലും മാറ്റിയെഴുതേണ്ട കാലമാണിത്. ജനാധിപത്യം നടപ്പിലാകണമെങ്കിൽ ആദ്യം ലിംഗ സമത്വം ഉറപ്പാക്കണം. എന്നാൽ ഇന്ത്യയിൽ ലിംഗ അസമത്വം വർധിക്കുന്ന സ്ഥിതിയാണുള്ളത്. പാർലമെന്റിൽ വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കണമെന്നും പി വസന്തം പറഞ്ഞു. മുതലക്കുളം മൈതാനിയിൽ നടന്ന ചടങ്ങിൽ കെ അജിന സ്വാഗതം പറഞ്ഞു. ടി ഭാരതി അധ്യക്ഷത വഹിച്ചു. കെ എസ് ജയ മുഖ്യപ്രഭാഷണം നടത്തി. ആശ ശശാങ്കൻ നന്ദി രേഖപ്പെടുത്തി. തുടർന്ന് ഇപ്റ്റ കോഴിക്കോട് അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള അരങ്ങേറി. ഇന്ന് സ്വാതന്ത്ര്യ സമരവും വിദ്യാർത്ഥി -യുവജന പോരാട്ടങ്ങളും എന്ന വിഷയത്തിലുള്ള സെമിനാർ എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രശാന്ത് രാജൻ മുഖ്യപ്രഭാഷണം നടത്തും. നാളെ പലസ്തീൻ ഐക്യദാർഢ്യത്തിന്റെ ഭാഗമായി പ്രതിരോധ കാവ്യ സായാഹ്നം നടക്കും. 26ന് വൈകീട്ട് നാലിന് നടക്കുന്ന ശതാബ്ദി സംഗമം സിപിഐ ദേശീയ സെക്രട്ടറി അമർജിത്ത് കൗർ ഉദ്ഘാടനം ചെയ്യും.
 













