Local News

ടിപ്പറുമായി കൂട്ടിയിച്ച് ബസിന് തീപിടിച്ചു; ആറ് മരണം

Nano News

ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിനു തീപിടിച്ച് ആറു പേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. ആന്ധ്രാപ്രദേശിലെ പല്‍നാട് ജില്ലയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സ്വകാര്യ ട്രാവല്‍സിന്റെ ബസും ടിപ്പറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലിസ് പറഞ്ഞു. കാശി ബ്രഹ്മേശ്വര റാവു (62), ലക്ഷ്മി (58), ശ്രീസായി (9), ബസ് ഡ്രൈവര്‍ ആന്‍ജി, ടിപ്പര്‍ ഡ്രൈവര്‍ മധ്യപ്രദേശ് സ്വദേശി ഹരി സിങ് എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട ഒരാളെ ഇനിയും തിരിച്ചറിയാനുണ്ട്.

ബപട്‌ല ജില്ലയിലെ നിലയപാലത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്നു ബസ്. ബസില്‍ 42 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച സംസ്ഥാന നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഒരേസമയം നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷം ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു തങ്ങളെന്ന് പരുക്കേറ്റ യാത്രക്കാര്‍ പറഞ്ഞു.

ബസിന് തീപിടിച്ച ഉടന്‍ യാത്രക്കാര്‍ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് പുറത്തേക്ക് ചാടി. എന്നാല്‍, പ്രായമായവര്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ഇവരാണ് അപകടത്തില്‍ പെട്ടത്.

ഫയര്‍ എഞ്ചിന്‍ സ്ഥലത്തെത്തി തീയണച്ചെങ്കിലും രണ്ടു വാഹനങ്ങളും പൂര്‍ണമായും കത്തി നശിച്ചു.പരുക്കേറ്റവരെ ചിലക്കലൂരിപേട്ടയിലെയും ഗുണ്ടൂരിലെയും സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റി.


Reporter
the authorReporter

Leave a Reply