കോഴിക്കോട്:ബേപ്പൂർ നടുവട്ടത്ത് വൈദ്യുതിക്കാൽ പൊട്ടിവീണു ബൈക്ക് യാത്രക്കാരൻ മരിച്ചു. ബേപ്പൂർ കല്ലിങ്ങൽ സ്വദേശി മഞ്ചക്കൽ ബാബുവിൻ്റെ മകൻ അർജുൻ (20) ആണു മരിച്ചത്. പിണ്ണാണത്ത് ക്ഷേത്രത്തിനു സമീപം പാതയോരത്തെ പഴയ വൈദ്യുതിക്കാൽ നീക്കം ചെയ്യുന്നതിനിടെ ഉച്ചയ്ക്ക് 12.30നാണ് അപകടം.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അനിതയാണ് അമ്മ, അൻജു,ആതിര എന്നിവർ സഹോദരിമാരാണ്.മാസങ്ങൾക്ക് മുൻപ് കെ.എസ്.ഇ.ബി വൈദ്യുതികാൽ മാറ്റി സ്ഥാപിച്ചിരുന്നു.എന്നാൽ പഴയ കാൽ മാറ്റിയിരുന്നില്ല. ഇത് മാറ്റണമെന്ന് സമീപവാസികൾ കെ.എസ്.ഇ.ബി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
കെ.എസ്.ഇ. ബിയെ അറിയിക്കാതെയാണ് കരാറുകാരൻ ഇന്ന് പഴയ പോസ്റ്റ് നീക്കം ചെയ്യാനെത്തിയത്.സാധാരണ ഇത്തരം പ്രവർത്തികൾ നടത്തുമ്പോൾ കെ.എസ്.ഇ.ബി സൂപ്പർവൈസറോ ഓവർസീയറോ സ്ഥലത്തുണ്ടാകണം. എന്നാൽ ഓഫീസിൽ അറിയിക്കാതെ തികച്ചും നിരുത്തരവാദപരമായി കരാറുകാരൻ നടത്തിയ പ്രവർത്തിയാണ് ഒരു യുവാവിൻ്റെ ജീവൻ പൊലിയാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. യുവാവിൻ്റെ മരണത്തിന് ഉത്തരവാദി കെ.എസ്.ഇ.ബിയാണെന്നാരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.