Sunday, December 22, 2024
GeneralLatestPolitics

രഞ്ജിത്തിന്റെ കൊലപാതകം അപ്രതീക്ഷിതം, യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്ന് എഡിജിപി


ആലപ്പുഴയിലെ ബിജെപി നേതാവിന്റെ കൊലപാതകം അപ്രതീക്ഷിതമായിരുന്നുവെന്ന് എഡിജിപി വിജയ് സാഖറെ. രഞ്ജിത്ത് ശ്രീനിവാസന്‍ അക്രമികള്‍ ലക്ഷ്യം വയ്ക്കുന്നവരില്‍ ഉള്‍പ്പെട്ടിരുന്നതായി യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ കൊലപാതകം പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിനാല്‍ തടയാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ കൊലപാതകം തടയുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസന്വേഷണ ചുമതലയുള്ള സാഖറെ വിശദീകരണം നല്‍കിയത്.

ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ കെഎസ് ഷാനിന്റെ കൊലപാതകത്തിന് ശേഷം 12 മണിക്കൂറിനുള്ളില്‍ തന്നെയാണ് രഞ്ജിത്ത് കൊല ചെയ്യപ്പെട്ടത്. ആദ്യത്തെ കൊലപാതകത്തിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികളെ മനസ്സിലാക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നു. ചിലരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ രണ്ടാമത്തെ കൊലപാതകം സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നു. രഞ്ജിത്തിനെ ലക്ഷ്യമിടുമെന്ന് സൂചനയില്ലായിരുന്നു. അത്തരം സൂചന ലഭിച്ചിരുന്നുവെങ്കില്‍ അത് തടയാമായിരുന്നുവെന്ന് സാഖറെ പറഞ്ഞു.

സംഭവത്തിന് പിന്നാലെ സ്ഥലത്തെ ക്രമസമാധാനം നിലനിര്‍ത്തുകയായിരുന്നു പ്രധാന ലക്ഷ്യമെന്നും, അതിനാല്‍ എല്ലാവരും അതിന്റെ തിരക്കിലായിരുന്നുവെന്നും സാഖറെ കൂട്ടിച്ചേര്‍ത്തു. അതേസമയം രഞ്ജിത്ത് കൊലക്കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 12 പേരാണ് കൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് പ്രാഥമിക വിവരം. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്. മണ്ണഞ്ചേരിയില്‍ നടന്ന ആദ്യത്തെ കൊലയ്ക്ക് ശേഷം കുറച്ച് സമയം കൊണ്ട് തന്നെ പ്രതികള്‍ ആസൂത്രണം നടത്തിക്കാണണം എന്നാണ് പൊലീസിന്റെ നിഗമനം. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ പൊലീസിനെ വിന്യസിച്ചിരുന്നെങ്കിലും ആലപ്പുഴ നഗരത്തില്‍ ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. രണ്ട് കൊലപാതകങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് സാഖറെ പറഞ്ഞു.

അതേസമയം ഷാനിന്റെ കൊലപാതകത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കുട്ടന്‍ എന്ന രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ രണ്ടുപേരും മണ്ണഞ്ചേരി സ്വദേശികള്‍ ആണ്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി എഡിജിപി അറിയിച്ചു. അറസ്റ്റിലായ രതീഷും പ്രസാദും ഗൂഢാലോചനയില്‍ പങ്കുള്ളവരാണ്. രണ്ടുപേരും ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകരാണ്. കൊലയ്ക്ക് പിന്നില്‍ 10 പേര്‍ ആണ് ഉള്ളതെന്നാണ് നിഗമനം. കേസില്‍ ബാക്കി പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.


Reporter
the authorReporter

Leave a Reply