കൊച്ചി: അപൂർവ്വ ബോൺ ട്യൂമർ ബാധിച്ച് ഒന്നര പതിറ്റാണ്ടുകാലം ദുരിതംപേറിയ ചേർത്തല സ്വദേശിയായ 57കാരന്റെ തുടയെല്ലും മുട്ടും ശസ്ത്രക്രിയയിലൂടെ വിജയകരമായി മാറ്റിവെച്ചു. തുടയെല്ലിനെ ഗുരുതരമായി ബാധിച്ചിരുന്ന അപൂർവ ട്യൂമർ വിജയകരമായി നീക്കം ചെയ്തു. എറണാകുളം ലൂർദ് ആശുപത്രിയിലെ ഓർത്തോപീഡിക് ആൻഡ് സ്പോർട്സ് മെഡിസിൻ , ഓങ്കോ സർജറി, അനസ്തേഷിയോളജി വിദഗ്ധരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. 10 ലക്ഷം പേരിൽ ഒരാൾക്ക് എന്ന തോതിൽ വളരെ അപൂർവമായി എല്ലിനെ ബാധിക്കുന്ന ഇസ്നോഫീലിക് ഗ്രാന്യൂലോമ എന്ന രോഗമായിരുന്നു ജയപ്രകാശിന്. 2007 മുതൽ പലയിടത്തായി ചികിത്സ തേടിക്കൊണ്ടിരിക്കുകയായിരുന്ന ജയപ്രകാശ് ഇതിനിടെ മൂന്ന് തവണ ശസ്ത്രക്രിയയ്ക്കു വിധേയനായി. റേഡിയോ തെറാപ്പി, കീമോ തെറാപ്പി തുടങ്ങിയ ചികിത്സാരീതികൾ പരീക്ഷിച്ചെങ്കിലും കാര്യമായ ഫലം കണ്ടില്ല. തുടർന്ന് പത്രവാർത്തയിലൂടെ ലൂർദ് ഹോസ്പിറ്റലിൽ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ 107 വയസ്സുകാരന്റെ കഥ അറിയാനിടയായ ജയപ്രകാശ് ആശുപത്രിയിലെ ഡോക്ടർമാരുമായി ചർച്ച നടത്തി. പിന്നീട് അദ്ദേഹം ലൂർദ് ആശുപത്രിയിൽ ചികിത്സക്കായി എത്തുകയായിരുന്നു.
ഈ ഘട്ടത്തിൽ ജയപ്രകാശിന്റെ തുടയെല്ലിനെ രോഗം മാരകമായി ബാധിച്ചിരുന്നു. കൂടാതെ, മുൻപ് ശസ്ത്രക്രിയ നടത്തി കാലിൽ സ്ഥാപിച്ച കമ്പികൾ ഇളകിയ നിലയിലാണ് ജയപ്രകാശ് ലൂർദ് ആശുപത്രിയിൽ എത്തുന്നത്.
ലൂർദ് ആശുപത്രി ഓറത്തോപീഡിക് വിഭാഗം മേധാവി ഡോ. ജോൺ ടി ജോണിന്റെ നേതൃത്വത്തിൽ നടന്ന സങ്കീർണ്ണ ശസ്ത്രക്രിയയിൽ ജയപ്രകാശിന്റെ തുടയെല്ലും മുട്ടും ഒരുമിച്ചു മാറ്റിവയ്ക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയമാണെന്നും ജയപ്രകാശിനിപ്പോൾ പരസഹായമില്ലാതെ നിൽക്കാനും നടക്കാനും സാധിക്കുമെന്നും ഡോ. ജോൺ ടി ജോൺ പറഞ്ഞു.
സർജറി വിഭാഗം മേധാവി ഡോ. സന്തോഷ് ജോൺ എബ്രഹാം, അനസ്തേഷ്യയോളജി വിഭാഗം മേധാവി ഡോ. ശോഭ ഫിലിപ്പ് എന്നിവർ ശസ്ത്രക്രിയയ്ക്ക് മേൽനോട്ടം വഹിച്ചു.
ഓറത്തോപീഡിക് വിഭാഗം ഡോക്ടർമാരായ ഡോ. രഞ്ജിത്ത്, ഡോ. കുര്യാക്കോസ്, ഡോ. ഷിനാസ്, ഡോ. സിയാദ്, ഡോ. മഹേഷ്, അനസ്തേഷ്യയോളജി വിഭാഗം ഡോക്ടർമാരായ ഡോ. ശ്രുതി, ഡോ. അശ്വതി എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. ശസ്ത്രക്രിയക്ക് ശേഷം മൂന്നു ദിവസം കഴിഞ്ഞു ആശുപത്രി വിട്ട ജയപ്രകാശ് പൂർണമായും സുഖം പ്രാപിച്ചു. തുടർന്ന് ഇദ്ദേഹം ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.