ദില്ലി: കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട് 2024-25 പ്രകാരം രാജ്യത്തെ ഏറ്റവും സമ്പന്നമായ ജില്ലകളുടെ പട്ടിക പുറത്ത്. ജിഡിപി പെർ ക്യാപിറ്റയിൽ (ആളോഹരി ജിഡിപി) ഏറ്റവും മുന്നിലുള്ള സംസ്ഥാനങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. മുംബൈയെ പിന്തള്ളി തെലങ്കാനയുടെ വ്യാവസായിക ഹബ്ബായി വളരുന്ന രംഗറെഡ്ഡി ജില്ലയ്ക്കാണ് ഒന്നാംസ്ഥാനം. അതേസമയം, ആദ്യ പത്തിൽ കേരളത്തിൽ നിന്നുള്ള ജില്ലകളില്ല. രാജ്യത്ത് അതിവേഗം വളരുന്ന ജില്ലയാണ് രംഗറെഡ്ഡി. ഐടി, ഫാർമ, ബയോടെക്നോളജി തുടങ്ങിയ മേഖലകളിലാണ് ജില്ല മുന്നേറുന്നത്. ഏകദേശം 11.46 ലക്ഷം രൂപ ജിഡിപി പെർ ക്യാപിറ്റയുമായാണ് രംഗറെഡ്ഡി മുന്നിലെത്തിയത്. ഗുരുഗ്രാം (ഹരിയാന), ബെംഗളൂരു അർബൻ (കർണാടക), ഗൗതം ബുദ്ധ് നഗർ (യുപി), സോളൻ (ഹിമാചൽ പ്രദേശ്), നോർത്ത് ആൻഡ് സൗത്ത് ഗോവ, ഗാങ്ടോക് (സിക്കിം), ദക്ഷിണ കന്നഡ (മംഗലാപുരം, കർണാടക), മുംബൈ (മഹാരാഷ്ട്ര), അഹമ്മദാബാദ് (ഗുജറാത്ത്) എന്നിവയാണ് യഥാക്രമം ആദ്യ പത്തിൽ ഇടംപിടിച്ച മറ്റ് ജില്ലകൾ.
(കടപ്പാട് ഏഷ്യാനെറ്റ് ന്യൂസ് )










