കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിൽ വെച്ച് നേപ്പാൾ സ്വദേശിയായ യുവാവിനെ ആക്രമിച്ച് പണവും മൊബൈലും കവർന്ന കേസിലെ പ്രതികളെ കസബ പൊലീസ് പിടികൂടി. തമിഴ്‌നാട് ഗൂഡല്ലൂൂർ സ്വദേശികളായ ജയപ്രകാശ്, റാണി, വയനാട് പൊഴുതന സ്വദേശി കല്ലോയി വീട്ടിൽ രാജേഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ പത്തിന് രാത്രി സ്റ്റാൻഡിൽ വെച്ച് ബീച്ച് ഹോട്ടലിലെ ബാർ ജീവനക്കാരനും നേപ്പാൾ സ്വദേശിയുമായ യുവാവിനെ അക്രമിച്ച് മുപ്പതിനായിരം രൂപയും മൊബൈൽ ഫോണും പ്രതികൾ കവരുകയായിരുന്നു. സിസി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ജയപ്രകാശിനെയും റാണിയെയും പുതിയസ്റ്റാൻഡ് പരിസരത്ത് വെച്ചും രാജേഷിനെ തളി ജൂബിലി ഹാളിന് സമീപത്തുവെച്ചുമാണ് കസ്റ്റഡിയിലെടുത്തത്. പ്രതികൾ സ്ഥിരം കുറ്റവാളികളാണെന്ന് പൊലീസ് പറഞ്ഞു. രാജേഷിനെതിരെ കോഴിക്കോടും വയനാട്ടിലുമായി മയക്കുമരുന്ന് വില്പനയ്ക്കും മോഷണത്തിനുമായി നിരവധി കേസുകൾ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.










