GeneralLocal News

ഓട്ടോറിക്ഷ വിട്ടു നൽകാത്തതിൽ മനംനൊന്ത് ആത്മഹത്യ: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Nano News

കാസർകോട്: ഗതാഗത തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ 5 ദിവസം കഴിഞ്ഞിട്ടും വിട്ടു കിട്ടാത്തതിൽ മനംനൊന്ത് സമൂഹമാധ്യമത്തിൽ കുറിപ്പിട്ട ശേഷം ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

കാസർകോട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. കാസർകോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.

കർണാടക മംഗളുരുപാണ്ഡേശ്വരയിലെ അബ്ദുൾ സത്താറാണ് (60) മരിച്ചത്. നെല്ലിക്കുന്ന് ബീച്ച് റോഡ് ജംഗ്ഷനിൽ വഴി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് കഴിഞ്ഞ വ്യാഴാഴ്‌ച ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് മനസിലാക്കുന്നു. വായ്പയെടുത്താണ് ഓട്ടോ വാങ്ങിയതെന്നും വിട്ടുകിട്ടിയില്ലെങ്കിൽ ഉപജീവനം മുടങ്ങുമെന്നും പോലീസിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കേൾക്കുന്നു. ഡി.വൈ.എസ്.പി ഇടപെട്ടിട്ടും ഓട്ടോ വിട്ടുകിട്ടിയില്ല. പുക പരിശോധിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഓട്ടോ വിട്ടു നൽകാത്തതെന്നും മനസിലാക്കുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.

സംഭവത്തിൽ കാസർകോട് എസ്.ഐ യെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയതായി മനസിലാക്കുന്നു.. കാസർകോട് റയിൽവേ സ്റ്റേഷന് സമീപം താമസിച്ചാണ് അബ്ദുൾ സത്താർ നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്നത്.


Reporter
the authorReporter

Leave a Reply