കൊയിലാണ്ടി: നഗരസഭയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി. കുറച്ചു ദിവസമായി കൊയിലാണ്ടി നഗരസഭയിലെ 33ാംവാർഡിലെ പയറ്റുവളപ്പിൽ, എമമച്ചം കണ്ടി, കൊരയങ്ങാട് തെരുവ് ഭാഗങ്ങളിൽ തെരുവ്നായ് ശല്യം വർധിച്ചുവരുകയാണ്. കഴിഞ്ഞ ദിവസം കൊരയങ്ങാട് തെരുവിൽ വിദ്യാർഥിയെ തെരുവുനായ് കടിച്ച് മാരക പരിക്കേൽപിച്ചു.
ഇന്നലെ പയറ്റുവളപ്പിൽ പ്രദേശത്ത് കണ്ടോത്ത് റിയാസ് മൻസിലിലെ ഹുസൈൻ കോയ എന്ന വയോധികനെ തെരുവ് നായുടെ കടിയേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാർഥികൾക്കും ജനങ്ങൾക്കും പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ് നാട്ടിലുള്ളlത്.
ഇതിനെതിരെ നഗരസഭയുടെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഉണ്ടാവണമെന്നും അടഞ്ഞുകിടക്കുന്ന എ.ബി.സി സെന്ററുകൾ തുറന്നു പ്രവർത്തിപ്പിച്ച് തെരുവ് നായ്ക്കളെ വന്ധീകരണം ചെയ്യുന്ന നടപടി പുനരാരംഭിക്കണമെന്നും കോൺഗ്രസ് നേതാവും വാർഡ് കൗൺസിലറുമായ മനോജ് പയറ്റുവളപ്പിൽ പറഞ്ഞു. അല്ലാത്തപക്ഷം പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും കൂട്ടിച്ചേർത്തു.