Monday, November 4, 2024
GeneralLatest

കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ; കേന്ദ്രത്തിന്റെ നിലപാട് തേടി ഹൈക്കോടതി


കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കുപ്പി വെള്ളത്തിന് വില കുറയ്ക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണ്. ഇതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കുപ്പിവെള്ള ഉത്പാദകരുടെ സംഘടന നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം. വിഷയത്തില്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. കുപ്പിവെള്ളത്തിന്റെ വിലനിര്‍ണയത്തിന് അവലംബിക്കേണ്ട നടപടികളെ കുറിച്ച് അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2020 മാര്‍ച്ച് മൂന്നിനാണ് കുപ്പിവെള്ളത്തിന് ലിറ്ററിന് പരമാവധി വില 13 രൂപ രൂപയായി നിശ്ചയിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ ഉത്തരവ് പ്രകാരം കുപ്പിവെള്ളം വില്‍ക്കുന്ന എല്ലാ കമ്പനികളും പരമാവധി വില 13 രൂപ എന്ന് പാക്കേജില്‍ രേഖപ്പെടുത്തണം എന്നും വ്യക്തമാക്കിയിരുന്നു. കൂടുതല്‍ വില ഈടാക്കുന്ന കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കുന്നതായിരിക്കുമെന്നും ഉത്തരവില്‍ പറഞ്ഞു. 2018ല്‍ തന്നെ കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. ചില കമ്പനികള്‍ ഈ തീരുമാനത്തെ അനുകൂലിച്ചു. നിര്‍മ്മാണ ചെലവ് ചൂണ്ടിക്കാട്ടി ചില വന്‍കിട കമ്പനികള്‍ ഇതിനെ എതിര്‍ത്തിരുന്നു. 15 രൂപയ്ക്ക് വില്‍ക്കാനാകണം എന്നാതായിരുന്നു വന്‍കിട കമ്പനികളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇവരുടെ എതിര്‍പ്പിനെ മറികടന്ന് അവശ്യ വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കുപ്പിവെള്ളത്തിന്റെ വില കുറച്ചു കൊണ്ട് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇതേ തുടര്‍ന്നാണ് ഉത്പാദകരുടെ സംഘടന ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.


Reporter
the authorReporter

Leave a Reply