Art & CultureLatest

ലഹരിക്കെതിരെ സ്കൂൾ വിദ്യാർത്ഥിയുടെ ഏകാംഗ മ്യൂസിക്കൽ ക്യാമ്പയിൻ

Nano News

കോഴിക്കോട് : കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷന്റെ പിന്തുണയോടെ രാസലഹരി മറ്റ് ലഹരിപദാർത്ഥങ്ങൾ എന്നിവയ്ക്കെതിരെ എട്ടാംക്ലാസ് വിദ്യാർത്ഥി അദ്വൈത്‌ എം. ശ്രീ നയിക്കുന്ന *’സംഗീത് ലെഹർ’* എന്ന ഏകാംഗ മ്യൂസിക്കൽ ക്യാമ്പയിന് സെപ്റ്റംബർ പതിമൂന്നാംതിയതി വൈകുന്നേരം ആറുമണിക്ക് കോഴിക്കോട് ബീച്ചിൽ തുടക്കമാവും.

ലഹരിവിരുദ്ധപ്രചരണ പരിപാടി കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ എ. ഉമേഷ് ഉത്ഘാടനം ചെയ്യും. വെസ്റ്റ് ഹിൽ സെന്റ്. മൈക്കൽസ് സ്‌കൂൾ പ്രിൻസിപ്പാൾ പ്രീതി ജോർജ്ജ്‌ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

വെസ്റ്റ്ഹിൽ സെന്റ്. മൈക്കിൾസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബോടുകൂടി ആരംഭിക്കുന്ന ലഹരിവിരുദ്ധ ഉപകരണസംഗീത പരിപാടി ആകർഷകമാക്കുവാൻ *കീറ്റാർ* എന്ന സംഗീത ഉപകരണമായിരിക്കും ഉപയോഗിക്കുക.

ലഹരിക്കെതിരെ കേരളത്തിലെ 100 തിരഞ്ഞെടുക്കപ്പെട്ട വേദികളിൽ വിവിധ സംഘടനകളുടെ സഹായത്തോടെ ബോധവത്കരണ സംഗീത പരിപാടികൾ അവതരിപ്പിക്കാനാണ് ‘സംഗീത് ലെഹർ ‘ ലക്ഷ്യം വയ്ക്കുന്നത്. കോഴിക്കോട് സിറ്റി പോലീസിന്റെ ‘നൊ, നെവർ’ എന്ന ലഹരിവിരുദ്ധ പരിപാടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് അദ്വൈത് സംഗീതപരിപാടികളുമായി രംഗത്തുവരുന്നത്.

ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ ബോധവൽക്കരണ സംഗീത യജ്ഞത്തോടൊപ്പം ലഹരിവിരുദ്ധ സന്ദേശവും പരിചയ സമ്പന്നരായ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ പൊതു ജനങ്ങളിലേക്കും കുട്ടികളിലേക്കും കൈമാറും.

പൊതുസ്ഥലങ്ങളിലും സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വരും മാസങ്ങളിൽ തുടർപരിപാടികൾ അരങ്ങേറും. കോഴിക്കോട് ചിന്മയ വിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയായ അദ്വൈത്‌ ഇതിനകം മുപ്പതോളം വേദികളിൽ ഏകാംഗ ഉപകരണ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

സംഗീതത്തെ സമൂഹ നന്മയ്ക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അദ്വൈത് ‘റിഥം ഓഫ് ചേഞ്ച്, ബീറ്റ്‌സ് ഓഫ് കംപാഷൻ’ എന്ന സന്ദേശമാണ് തന്റെ സംഗീതത്തിലൂടെ പ്രചരിപ്പിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ക്യാൻസർ ബാധിതരായ കുട്ടികളുടെ ആശ്വാസ പദ്ധതികളിലും ഈ 13-വയസുകാരൻ സംഗീതസാന്നിധ്യമായിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന പരിപാടി 8 മണിവരെ നീണ്ടുനിൽക്കും.


Reporter
the authorReporter

Leave a Reply