GeneralHealthLatest

കേരളത്തിൽ നിന്നും പരിശോധനയ്ക്ക് അയച്ച എട്ട് പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവ്


തിരുവനന്തപുരം;സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയച്ച 8 പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ നെഗറ്റീവായത്. ആകെ 10 പേരുടെ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ചവരുടെ സാമ്പിളുകളില്‍ ഇതുവരെ 8 പേരുടെ പരിശോധനാഫലങ്ങളാണ് നെഗറ്റീവായത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്.

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ലാബിലാണ് ഒമിക്രോണ്‍ ജനിതക പരിശോധന നടത്തുന്നത്.

ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്നും കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന ഒരാള്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആദ്യഫലങ്ങള്‍ നെഗറ്റീവായെങ്കിലും ജാഗ്രതയില്‍ ഒരു കുറവും ഉണ്ടാകരുതെന്ന് വീണാ ജോർജ് അറിയിച്ചു.


Reporter
the authorReporter

Leave a Reply