Tuesday, December 3, 2024
Art & CultureLatest

പെൻസിൽ നിറത്തിൽ ജീവിതം കണ്ടെത്തുകയാണ് സമീജെന്ന ചെറുപ്പക്കാരൻ


കോഴിക്കോട്: പെൻസിൽ കൊണ്ട് ജീവിതം വരയ്ക്കുകയാണ് ചെറുപ്പക്കാരനായ സമീജ്. ശാരീരികമായ പ്രയാസങ്ങൾ ഉണ്ടെങ്കിലും കാലാലോകത്ത് തന്റെതായ ഒരിടം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ഈ പത്തൊൻപതുകാരൻ.

ചെറുപ്പം മുതലേ പെൻസിലും പേപ്പറും സമീജിന് ഒരു വീക്നെസ് ആയിരുന്നു. പെൻസിൽ ആർട്ട്‌ ആയിരുന്നു പ്രാധാന വിനോദം. കയ്യിൽ കിട്ടുന്ന പേപ്പറുകളിലും വീടിന്റെ ചുമരിലുമെല്ലാം ത്രീഡി ചിത്രങ്ങൾ ഉൾപ്പെടെ വരക്കുമായിരുന്നു. എന്നാൽ കോവിഡിനെ തുടർന്ന് വീടിനുള്ളിലായപ്പോഴാണ് പെൻസിൽ വര ഗൗരവത്തിൽ എടുത്തത്. ചിത്രകല സമീജ് ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. എന്നാൽ വരച്ചുകഴിയുമ്പോൾ തെളിയുന്നത് ജീവസുറ്റ ചിത്രങ്ങളാണ്. സിനിമാതാരങ്ങളുടെയും മറ്റ് പല പൗരപ്രമുഖരുടെയും ചിത്രങ്ങൾ ഇതിനോടകം വരച്ചിട്ടുണ്ട്. വരച്ചത് ഒക്കെ താരങ്ങൾക്ക് സമ്മാനിക്കാൻ കഴിയാത്തതിന്റെ വിഷമം സമീജിനുണ്ട്.

ബാലുശ്ശേരി പൂനത്ത് എകരത്ത് മുജീബിന്റെയും ഷമീറയുടെയും മൂന്നുമക്കളിൽ മൂത്തവനാണ് സമീജ്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ട്യൂമർ ബാധിച്ച് അസുഖ ബാധിതനാവുകയും തുടർന്ന് സർജറിക്ക് ശേഷം രോഗം ഭേദമാവുകയും ചെയ്തു. എന്നാൽ രോഗത്തിന്റെ ശാരീരിക പ്രയാസങ്ങൾ ഇന്നും നേരിട്ടുകൊണ്ടിരിക്കുകയാണ് സമീജ്. പ്ലസ്ടു പഠനം പൂർത്തിയാക്കിയ സമീജിന്‌ തുടർന്ന് പഠിക്കാൻ ആഗ്രഹം ഉണ്ട്. എന്നാൽ ഒറ്റയ്ക്കുള്ള യാത്ര സമീജിന് ബുദ്ധിമുട്ടാണ്. പെൻസിൽ ആർടിസ്റ്റായി അറിയപ്പെടാനാണ് ഇഷ്ടം. അതിനാൽ ആവശ്യപ്പെടുന്നവർക്കുവേണ്ടിയും അല്ലാതെയും ചിത്രങ്ങൾ വരച്ചുകൊണ്ടിരിക്കുകയാണ് സമീജ്. തന്റെ കഴിവിലൂടെ ചെറിയ രീതിയിൽ വരുമാനം ഉണ്ടാക്കാൻ കൂടിയുള്ള ശ്രമത്തിലാണ് ഈ ചെറുപ്പക്കാരൻ.


Reporter
the authorReporter

Leave a Reply