കണ്ണൂർ: സ്വന്തം അനുഭവങ്ങൾ നോവലാക്കുമ്പോഴാണ് വായനക്കാരിൽ നിന്ന് കൂടുതൽ സ്വീകാര്യത ലഭിക്കുകയെന്ന് പ്രശസ്ത എഴുത്തുകാരൻ എം.മുകുന്ദൻ പറഞ്ഞു. ദൽഹിയിൽ ജീവിച്ച തന്റെ അനുഭവം മുൻനിറുത്തി ദൽഹി നോവൽ രചിച്ചപ്പോൾ തനിക്കിത് നേരിട്ട് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. ജെ.സി.ബി സാഹിത്യ സമ്മാനം 2022 ലേക്ക് ഷോർട്ട് ലിസ്‌റ്റ് ചെയ്ത വല്ലി നോവലിനെക്കുറിച്ചുള്ള സാഹിത്യ സംഭാഷണത്തിൽ സംസാരിക്കുകയായിരുന്നു മുകുന്ദൻ.
കണ്ണൂർ സിറ്റി സെന്ററിലെ ഡി.സി. ബുക്സാണ് പരിപാടി സംഘടിപ്പിച്ചത്.
നഷ്ടബോധമാണ് എഴുത്തുകാരന്റെ സർഗാത്മകതയെ ഉണർ ത്തുന്നതെന്നും ഇതുകൊണ്ടാണ് പ്രവാസ ജീവിതം നയിക്കുന്നവരിൽ നിന്ന് നല്ല കൃതികൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം നല്ല വായനക്കാരനായി മാറിയാലേ പിന്നീട് നല്ല എഴുത്തുകാരനായി മാറുവാൻ സാധിക്കുകയുള്ളൂവെന്നും മുകുന്ദൻ വ്യക്തമാക്കി.
വയനാട്ടിൽ ജനിച്ചു വളർന്നുവെന്നതിലാണ് വയനാട്ടിനെ അടുത്തറിഞ്ഞ ഒരു നോവൽ എഴുതുവാൻ കഴിഞ്ഞതെന്ന് ചടങ്ങിൽ സംസാരിച്ച നോവലിസ്‌റ്റ് ഷീലാ ടോമി പറഞ്ഞു.