സംസ്ഥാനത്തെ 108 ആംബുലന്‍സ് ജീവനക്കാര്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ട്രിപ്പെടുക്കാതെ നിസ്സഹകരണ സമരത്തില്‍. മെയ്മാസത്തെ ശമ്പളം പന്ത്രണ്ടാം തിയതി കഴിഞ്ഞിട്ടും കിട്ടാത്തതിനെ തുടര്‍ന്നാണ് സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ സമരം ആരംഭിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച സമരം ശമ്പളം ലഭിക്കുന്നതുവരെ തുടരുമെന്നും ജീവനക്കാര്‍ അറിയിച്ചു.
ഇതോടെ വിദഗ്ധചികിത്സയ്ക്ക് ഒരാശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ മാറ്റുന്നതിനായി 108 ആംബുലന്‍സ് സേവനം ലഭിക്കുന്നില്ല. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് ഈ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. 50 കോടിയിലേറെ രൂപ സര്‍ക്കാരില്‍ നിന്ന് കുടിശ്ശികയുണ്ടെന്ന് കാണിച്ചാണ് ശമ്പളം തടഞ്ഞുവച്ചിരിക്കുന്നതെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.
ഇതിലൂടെ ജീവനക്കാരെ സര്‍ക്കാരിനെതിരേ തിരിക്കുന്ന നിലപാടാണ് സ്വകാര്യ കമ്പനിയുടേതെന്ന് സിഐടിയു. കമ്പനിയുമായുള്ള മുന്‍ധാരണ പ്രകാരം എല്ലാ മാസവും ഏഴിന് മുമ്പ് ശമ്പളം നല്‍കണമെന്നാണ്. എന്നാല്‍ ഈ മാസം മുന്നറിയിപ്പില്ലാതെ ശമ്പളം വൈകിപ്പിക്കുകയാണെന്നും സ്‌കുള്‍ അധ്യയന വര്‍ഷം ആരംഭിച്ച വേളയില്‍ ശമ്പളം വൈകുന്നത് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും യൂനിയന്‍ ആരോപിക്കുന്നു.
108 ആംബുലന്‍സ് സേവനം ഭാഗികമായി നിലച്ചതോടെ ആശുപത്രികളില്‍ നിന്നുള്ള ഐഎഫ്ടി കേസുകള്‍ക്ക് മറ്റു സ്വകാര്യ ആംബുലന്‍സുകള്‍ തേടേണ്ട അവസ്ഥയുമാണ്. ഉടന്‍ അധികൃതര്‍ ഇടപെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ബുധനാഴ്ച ഉച്ചയോടെയാണ് നിസ്സഹകരണ സമരവുമായി ബന്ധപ്പെട്ട കത്ത് യൂനിയനില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ചതെന്നും ശമ്പള കാലതാമസം മുന്‍കൂട്ടി അറിയിച്ചതാണെന്നും ജനങ്ങളുടെ അവശ്യസേവനം തടയുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും കമ്പനി അധികൃതരും വ്യക്തമാക്കി. ജീവനക്കാരുടെ ശമ്പളം കഴിഞ്ഞ മാസങ്ങളില്‍ കാലതാമസം ഇല്ലാതെ നല്‍കിയിരുന്നെന്നും മെയ്മാസത്തെ ശമ്പളം ഉടന്‍ വിതരണം ചെയ്യുമെന്നും വ്യക്തമാക്കി. ബിഎംഎസും കത്ത് നല്‍കി.