Friday, December 6, 2024
Art & Culture

‘എന്നെ വേഗത്തില്‍ സമ്മതം മൂളിപ്പിച്ച ഹൃദയത്തില്‍ തൊടുന്ന ഒരു കഥയാണിത്’; രേവതി വീണ്ടും സംവിധായികയാകുന്നു


നീണ്ട ഇടവേളക്ക് ശേഷം നടി രേവതി വീണ്ടും സംവിധായികയാകുന്നു. 2002ല്‍ പുറത്തെത്തിയ ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന അരങ്ങേറ്റ ചിത്രത്തിന് തന്നെ ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള രേവതി, രണ്ടു ഫീച്ചര്‍ സിനിമകളും ആന്തോളജിക്കായി രണ്ടു ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ‘ദി ലാസ്റ്റ് ഹുറാ’ എന്ന ചിത്രമാണ് രേവതി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്.

ബോളിവുഡ് താരം കാജോള്‍ ചിത്രത്തില്‍ നായികയാകും. കാജോള്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ”രേവതി എന്നെ വച്ചു സംവിധാനം ചെയ്യുന്ന എന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ‘ദി ലാസ്റ്റ് ഹുറാ’ എന്നാണ് പേര്. എന്നെ വേഗത്തില്‍ സമ്മതം മൂളിപ്പിച്ച ഹൃദയത്തില്‍ തൊടുന്ന ഒരു കഥയാണിത്” എന്ന് കാജോള്‍ കുറിച്ചു.

ഒരാള്‍ക്ക് നേരിടാന്‍ കഴിയുന്ന ഏറ്റവും വെല്ലുവിളിയേറിയ സാഹചര്യങ്ങളെ പുഞ്ചിരിയോടെ നേരിട്ട അമ്മയായ സുജാതയുടെ കഥയാണ് ദി ലാസ്റ്റ് ഹുറാ എന്ന ചിത്രം പറയുന്നത്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നുമാണ് ചിത്രം രൂപപ്പെടുന്നത്. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

”ലാസ്റ്റ് ഹുറേയിലെ സുജാതയുടെ യാത്ര എന്റെ ഹൃദയത്തോട് വളരെ ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഇത് ആപേക്ഷികം മാത്രമല്ല, പ്രചോദനകരവുമാണ്. സുരാജും ശ്രദ്ധയും ഞാനും ഈ സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ഞങ്ങളുടെ മനസ്സില്‍ ആദ്യം വന്നത് കാജോള്‍ ആയിരുന്നു.”

”അവളുടെ മൃദുവും ഊര്‍ജ്ജസ്വലവുമായ കണ്ണുകളും അവളുടെ മനോഹരമായ പുഞ്ചിരിയും എന്തും സാധ്യമാണെന്ന് വിശ്വസിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും, അങ്ങനെയാണ് സുജാതയുടെ അവസ്ഥ. ഈ ഹൃദ്യമായ കഥക്കായി കാജോളിനൊപ്പം ജോലി ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്” എന്നാണ് രേവതി പറയുന്നത്.


Reporter
the authorReporter

Leave a Reply