കോഴിക്കോട്: വാസ്തുവിദ്യയ്ക്ക് നിത്യജീവിതത്തിലുളള പ്രാധാന്യം ചര്‍ച്ച ചെയ്യുന്ന പ്രദര്‍ശനം ‘ബിലോങ് ‘ പൊറ്റമ്മല്‍ പാലാഴി റോഡിലെ ദി എര്‍ത്തില്‍ ആരംഭിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച നിര്‍മാണ രീതികള്‍ മുതല്‍ എഐയുടെ സാധ്യതകള്‍ വരെ പ്രദര്‍ശനം ചര്‍ച്ച ചെയ്യുന്നു. വെള്ളിയാഴ്ച വരെനീളുന്ന പ്രദര്‍ശനം വൈകിട്ട് മൂന്നു മുതല്‍ ആറു വരെ പൊതുജനങ്ങള്‍ക്കു കാണാനുള്ള സൗകര്യമുണ്ട്.
കേവലം കെട്ടിടനിര്‍മാണം എന്നതില്‍നിന്ന് സമൂഹങ്ങള്‍ക്കിടയിലെ സാംസ്‌ക്കാരിക വിനിമയം എന്ന തലത്തിലേക്ക് വാസ്തുവിദ്യ മാറിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആര്‍ക്കിടെക്റ്റ് കാലിക്കറ്റ് മുന്‍ ചെയര്‍മാന്‍ പി.പി വിവേക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉപരിവര്‍ഗത്തിനു മാത്രമുള്ളതാണ് ആര്‍ക്കിടെക്റ്റ് എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ പൊതുവായുണ്ട്. പുതിയ കാലത്ത് അവയ്ക്ക് മാറ്റംവരുന്നുണ്ടെന്നും നല്ല രൂപകല്‍പ്പനയിലൂടെ മെച്ചപ്പെട്ട നിര്‍മാണങ്ങള്‍ സാധ്യമാണെന്ന തിരിച്ചറിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതി സന്തുലനവും മാനവികതയും ഇഴുകിച്ചേര്‍ന്ന രൂപകല്‍പ്പനകള്‍ക്കാണ് പുതിയ കാലത്ത് പ്രസക്തിയെന്ന് ദ എര്‍ത്ത് സഹസ്ഥാപകന്‍ നിഷാന്‍ എം. പറഞ്ഞു. പൊതുഇടങ്ങള്‍ മുതല്‍ വീടുകള്‍ വരെയുള്ളവയുടെ രൂപകല്‍പ്പന ബിലോങ എക്‌സിബിഷന്‍ ചര്‍ച്ച ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശസ്ത ആര്‍ക്കിടെക്റ്റ് ടോണി ജോസഫ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഐഐഎ കേരള ചെയര്‍മാന്‍ നൗഫല്‍ പി. ഹാഷിം, ഐഐഎ കാലിക്കറ്റ് ചെയര്‍മാന്‍ വിനോദ് സിറിയക്, എ.കെ പ്രശാന്ത്, ബാബു ചെറിയാന്‍, അനിത ചൗധരി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ലയണ്‍സ് പാര്‍ക്ക്, ടാഗോര്‍ ഹോള്‍, ബീച്ച് ഫ്രീഡം സ്‌ക്വയര്‍, അര്‍ബന്‍ സ്‌ക്വയര്‍, പിണറായി എജ്യുക്കേഷന്‍ ഹബ് തുടങ്ങിയവയുടെ മോഡലുകള്‍ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജിന്റെ മാസ്റ്റര്‍ പ്ലാനുണ്ട്.