മേപ്പാടി: വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്നു കോടി രൂപ നല്‍കുമെന്ന് നടന്‍ മോഹന്‍ലാല്‍. ഉരുള്‍ പൊട്ടലില്‍ നശിച്ച മുണ്ടക്കൈ എല്‍.പി സ്‌കൂള്‍ പുതുക്കി പണിയുമെന്നും അദ്ദേഹം അറിയിച്ചു. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലകള്‍ സന്ദര്‍ശിച്ചശേഷം പുഞ്ചിരിമട്ടത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2015 ല്‍ മോഹന്‍ലാല്‍ മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തകുമാരിയുടേയും പേരില്‍ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷന്‍. ആദ്യഘട്ടമായാണ് 3 കോടി രൂപ നല്‍കുന്നതെന്നും പിന്നീട് ആവശ്യമുള്ളത് അനുസരിച്ച് കൂടുതല്‍ തുക വേണമെങ്കില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടപ്പെട്ടത് തിരിച്ചെടുക്കാന്‍ നമുക്ക് കഴിയില്ല. ഇനി എന്ത് ചെയ്യാന്‍ കഴിയുമോ അതാണ് ചെയ്യേണ്ടത്. തകര്‍ന്ന എല്‍പി സ്‌കൂള്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ പുനര്‍നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം കണ്ടതില്‍ വച്ചേറ്റവും സങ്കടകരമായ ദിവസങ്ങളാണ് കഴിഞ്ഞ ദിവസം ടെലിവിഷനിലും മറ്റും കാണാന്‍ കഴിഞ്ഞത്. അത് വളരെ സങ്കടകരമാണ്. അവിടെ ചെന്നുകണ്ടാലേ അതിന്റെ വ്യാപ്തി മനസിലാകുകയുള്ളു. നിമിഷനേരം കൊണ്ടാണ് ഒരുപാട് പേര്‍ക്ക് ഉറ്റവരെയും ഉടയവരെയും നഷ്ടമായത്.
എന്നാല്‍ നമ്മളെല്ലാവരും ഒന്നിച്ചുചേര്‍ന്ന് അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നത് വലിയ കാര്യമാണ്. ഇന്ത്യന്‍ സൈന്യം, വ്യോമസേന. നാവികസേന, അഗ്‌നിരക്ഷാസേന, എന്‍ഡിആര്‍എഫ്, പൊലീസ്, ആതുരസേവകര്‍, എല്ലാത്തിനും ഉപരി നാട്ടുകാര്‍ എന്നിവരുടെ സേവനം എടുത്തുപറയേണ്ടതാണ്. ചുരുങ്ങിയ സമയംകൊണ്ട് െബയ്ലി പാലം നിര്‍മിക്കാനായതു തന്നെ അദ്ഭുതമാണ്.
ഞാനും കൂടി ഉള്‍പ്പെടുന്ന 122 ഇന്‍ഫെന്ററി ബറ്റാലിയന്‍ ടിഎ മദ്രാസാണ് ആദ്യം ഇവിടെയെത്തുന്നത്. അതിലെ നാല്‍പ്പതോളം പേര്‍ ആദ്യമെത്തി വലിയ പ്രയത്‌നങ്ങള്‍ നടത്തി. ഒരുപാട് പേരെ രക്ഷിച്ചു. കഴിഞ്ഞ 16 വര്‍ഷമായി ഞാന്‍ ഈ ബറ്റാലിയന്റെ ഭാഗമാണ്. ഇവര്‍ക്കൊക്കെ പ്രചോദനമാകാനും അവരോട് നന്ദി പറയാനും മനസ്സുകൊണ്ട് അവരെ നമസ്‌കരിക്കാനുമാണ് ഇവിടെയെത്തിയത്. ഇത്തരം ദുരന്തങ്ങള്‍ ഇനിയുണ്ടാകാതിരിക്കാന്‍ നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കണം” -മോഹന്‍ലാല്‍ പറഞ്ഞു.
സൈന്യം നിര്‍മ്മിച്ച് ബെയ്‌ലി പാലം വഴി മുണ്ടക്കൈയില്‍ എത്തിയ മോഹന്‍ലാല്‍ രക്ഷദൗത്യത്തില്‍ ഏര്‍പ്പെട്ട സൈനികരുമായും, വോളണ്ടിയര്‍മാരുമായും സംസാരിച്ചു. ഒരോ വിഭാഗങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് ഉരുള്‍പൊട്ടല്‍ രൂക്ഷമായി ബാധിച്ച പ്രദേശങ്ങള്‍ മോഹന്‍ലാല്‍ സന്ദര്‍ശിച്ചത്.