തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കേ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ദന ചുഴലിയുടെ ഫലമായാണ് സംസ്ഥാനത്തും മഴ കനക്കുന്നത്. മധ്യകിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലും തമിഴ്നാടിനു മുകളിലും ചക്രവാതചുഴികള്‍ ഉള്ളത് കേരളത്തില്‍ മഴ സാധ്യത കൂട്ടും. വരുന്ന ഒരാഴ്ച ഇടിയോടെ മഴ തുടരുമെന്നാണ് അറിയിപ്പ്. മത്സ്യബന്ധന തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയിപ്പുകളൊന്നുമില്ല.