Saturday, January 25, 2025
Latest

ജനകീയമായി ബേപ്പൂരിലെ പരാതി പരിഹാര അദാലത്ത്: അറുപതു ശതമാനത്തോളം പരാതികൾ തീർപ്പാക്കി


കോഴിക്കോട്:ബേപ്പൂർ നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടന്ന ജനകീയം പരാതി പരിഹാര അദാലത്ത് പൊതുജന പങ്കാളിത്തം കൊണ്ട് വൻ വിജയമായി മാറി. അദാലത്തിൽ ലഭിച്ച 306 പരാതികളിൽ അറുപത് ശതമാനത്തോളം പരാതികൾ തീർപ്പാക്കി. വേദിയിൽ രണ്ടു പട്ടയങ്ങൾ നൽകുകയും തണ്ണീർത്തടവുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ തീർപ്പാക്കുകയും ചെയ്തു. അദാലത്തിന്റെ ഭാഗമായി  കോർപറേഷനിൽ മാത്രം നാൽപതോളം ഫയലുകൾ തീർപ്പാക്കിയിട്ടുണ്ട്.

ബേപ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10 മണിക്ക് ആരംഭിച്ച അദാലത്തിൽ പങ്കെടുക്കാൻ ജനങ്ങൾ ഒഴുകിയെത്തി. പ്രായത്തിന്റെ അവശത പോലും അവഗണിച്ചെത്തിയ ജനങ്ങളുടെ പരാതികൾ നേരിട്ടു കേട്ട മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വേദിയിൽ വിളിച്ചു പരാതി പരിഹരിക്കുന്നതിനായുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ നിർദ്ദേശം നൽകി.

ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും നേരിട്ട് പരാതികൾ പറയാൻ ജനങ്ങൾക്ക് അവസരമൊരുക്കുകയാണ് ജനകീയത്തിലൂടെ സാധ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി കേൾക്കുന്നതും പരിഹരിച്ചു കൊടുക്കുന്നതും ജനങ്ങൾക്ക് കൂടുതൽ ആശ്വാസകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മണ്ഡലത്തിലെ ബേപ്പൂർ, ഫറോക്ക്, കരുവൻതിരുത്തി, രാമനാട്ടുകര,കടലുണ്ടി, ചെറുവണ്ണൂർ വില്ലേജ് ഓഫീസുകളിൽ നേരത്തേ പരാതികൾ സ്വീകരിച്ചിരുന്നു. ഇത്തരത്തിൽ ലഭിച്ച 256 പരാതികളും അദാലത്തിന്റെ വേദിയിൽ സജ്ജീകരിച്ച പരാതി സമർപ്പണ കൗണ്ടറിൽ ലഭിച്ച പരാതികളും അദാലത്തിൽ പരിഗണിച്ചു. ലഭിച്ച 306 പരാതികളിൽ അറുപത് ശതമാനം പരാതികൾ തീർപ്പാക്കി. മറ്റു പരാതികൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ദ്രുതഗതിയിൽ സ്വീകരിക്കാനും അത് പരാതിക്കാരെ വിളിച്ചറിയിക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ബേപ്പൂര്‍ മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, പരാതികള്‍ തുടങ്ങിയവ കേള്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനകീയം പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചത്.
ബേപ്പൂര്‍ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. കൃഷ്ണകുമാരി, എ.ഡി.എം മുഹമ്മദ്‌ റഫീഖ്, ഡെപ്യൂട്ടി കലക്ടർ ഇ.അനിതകുമാരി എന്നിവർ അദാലത്തിൽ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. വാർഡ് കൗൺസിലർമാരായ കെ.രാജീവ്, സുരേഷ്, ഗിരിജ, ടി.രജനി, വാടിയിൽ നവാസ്, ടി.കെ.ഷമീന എന്നിവരും വിവിധ വകുപ്പു മേധാവികളും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും അദാലത്തിൽ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply