കോഴിക്കോട്: പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത കോഴ വാങ്ങിയെന്ന വിവാദത്തില്‍ ആരോപണവിധേയനായ ഏരിയ കമ്മിറ്റി നേതാവ് പ്രമോദ് കോട്ടൂളിയെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കൂടാതെ, തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും അദ്ദേഹത്തെ നീക്കും. റിയല്‍ എസ്റ്റേറ്റ് ബെനാമി ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നുചേര്‍ന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.
പ്രമോദിനെതിരെ കടുത്ത നടപടി ആവശ്യമില്ലെന്നും തരംതാഴ്ത്തലോ സസ്‌പെന്‍ഷനോ മതിയാകുമെന്നും ഔദ്യോഗികവിഭാഗം പറഞ്ഞപ്പോള്‍ മറ്റൊരു വിഭാഗം എതിര്‍ക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ അതൃപ്തി ഇന്നുനടന്ന യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. നടപടി പ്രമോദ് കോട്ടൂളിയില്‍ ഒതുങ്ങിയേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.
പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് 60 ലക്ഷംരൂപ ആവശ്യപ്പെട്ടെന്നും 22 ലക്ഷം കൈപ്പറ്റിയെന്നുമാണ് ഹോമിയോ ഡോക്ടര്‍മാരായ ദമ്പതിമാര്‍ നല്‍കിയ പരാതി പുറത്തുവന്നതോടെയാണ് വിഷയം പുറത്തറിയുന്നത്. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.