Local News

കോഴിക്കോട്-കണ്ണൂർ റൂട്ടിൽ ട്രാഫിക് പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ പാഞ്ഞ് സ്വകാര്യ ബസ്; പിന്തുടർന്ന് പിടികൂടി

Nano News

കോഴിക്കോട്:കോഴിക്കോട്-കണ്ണൂർ റൂട്ടിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ അപകടകരമായ രീതിയില്‍ ഓടിച്ച സ്വകാര്യ ബസ് പിന്തുടർന്ന് പിടികൂടി. കോഴിക്കോട് എലത്തൂര്‍ പുതിയനിരത്തിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് എയര്‍ ഹോണ്‍ മുഴക്കി അപകടമുണ്ടാകുന്ന വിധത്തില്‍ അമിത വേഗതയില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കോഴിക്കോട് – കണ്ണൂര്‍ റൂട്ടിലോടുന്ന കൃതിക ബസ്സാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

വാഹനത്തിന്റെ അമിത വേഗം ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് എസ്‌ ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസുകാര്‍ പുതിയനിരത്തില്‍ വച്ച് കൈ കാണിച്ചെങ്കിലും ഡ്രൈവര്‍ നിര്‍ത്താതെ ഓടിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് പൊലീസുകാര്‍ പിന്തുടര്‍ന്ന് കൊട്ടേടത്ത് ബസാറില്‍ വച്ച് ബസ് തടഞ്ഞാണ് പിടികൂടിയത്.

ലൈസന്‍സ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവറായ കണ്ണൂര്‍ ചൊവ്വ സ്വദേശി മൃതുന്‍ (24) അതിന് തയ്യാറാകാതെ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതായി പൊലീസുകാര്‍ പറഞ്ഞു. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ പിന്‍മാറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മൃതുനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ബസ് കസ്റ്റഡിയില്‍ എടുത്ത പൊലീസ് എയര്‍ ഹോണ്‍ അഴിച്ചു മാറ്റുകയും 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു.


Reporter
the authorReporter

Leave a Reply