Sunday, December 22, 2024
General

പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനം പൂര്‍ത്തിയാക്കി വിവേകാനന്ദപാറയില്‍ നിന്ന് മടങ്ങി


കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ധ്യാനം പൂര്‍ത്തിയാക്കിയ ശേഷം തിരുവള്ളുവരുടെ പ്രതിമയിൽ ആദരമർപ്പിച്ചു. അതീവസുരക്ഷയിലാണ് പ്രധാനമന്ത്രിയുടെ മടക്കം. മോദിയുടെ ധ്യാനത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിരുന്നു. ആദ്യത്തെ ദിവസം വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ശ്രീരാമകൃഷ്ണ പരമഹംസരുടെയും ശാരദാദേവിയുടെയും ചിത്രത്തിന് മുന്നിൽ ആദരമർപ്പിക്കുകയും ചെയ്താണ് ധ്യാനം ആരംഭിച്ചത്. സഭാമണ്ഡപത്തിലും ധ്യാനമണ്ഡപത്തിലും മോദി ധ്യാനത്തിലിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് ശേഷമാണ് മോദി വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കാനെത്തിയത്.

മോദിയുടെ ധ്യാനത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷമായ കോൺഗ്രസ് രം​ഗത്തെത്തിയിരുന്നു. നിശബ്ദ പ്രചാരണ ദിവസം വാർത്താ തലക്കെട്ടുകളിൽ നിറയാനുള്ള നീക്കമാണിതെന്നും കോൺഗ്രസിൻ്റേതടക്കം പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും ആയിരുന്നു കോൺ​ഗ്രസിന്‍റെ ആവശ്യം. ധ്യാനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും കോൺഗ്രസ് പറഞ്ഞു.
സുരക്ഷാസേനകളുടെ അകമ്പടിയോടെ വിവേകാനന്ദപ്പാറയിൽ നിന്ന് ബോട്ട് മാർഗ്ഗം കരയിൽ എത്തിയ പ്രധാനമന്ത്രി, കന്യാകുമാരിയിലെ ഹെലിപ്പാഡിൽ നിന്ന് പറന്നുയർന്നത് രണ്ട് ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെയാണ്. 3.55 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം 10 മിനിറ്റ് കൊണ്ട് തന്നെ ഡൽഹിയിലേക്ക് പ്രത്യേക വിമാനത്തിൽ മടങ്ങി.


Reporter
the authorReporter

Leave a Reply