ചെന്നൈ: മുലപ്പാൽ കുപ്പിയിലാക്കി വിൽപനയ്ക്ക് വെച്ചിരുന്ന സ്ഥാപനം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. മാധവാരത്തെ ലൈഫ് വാക്സിൻ സ്റ്റോറിനെതിരെയാണ് നടപടിയുണ്ടായത്. സ്ഥാപന ഉടമ മുത്തയ്യയ്ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു. ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ 45 കുപ്പി മുലപ്പാൽ ഇവിടെ നിന്നും കണ്ടെത്തി. പിടിച്ചെടുത്ത കുപ്പികളിലെ പാൽ ലാബിലേക്ക് അയച്ചു.
10 ദിവസം മുമ്പ് ലഭിച്ച പരാതിയെ തുടർന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ലൈഫ് വാക്സിൻ സ്റ്റോറിൽ പരിശോധന നടത്തിയത്. പരാതി ശരിവെക്കുന്ന തരത്തിലാണ് സ്ഥാപനത്തിൽ നിയമവിരുദ്ധമായി മുലപ്പാൽ വിൽപന നടത്തിയിരുന്നത്. 50 മില്ലിലിറ്റർ ബോട്ടിലിന് 500 രൂപ എന്ന നിലയിലായിരുന്നു വിൽപന. ഇത്തരത്തിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 45 കുപ്പി മുലപ്പാൽ ആണ് ഇവിടെ നിന്നും കണ്ടെടുത്തത്. രാജ്യത്ത് മുലപ്പാൽ വിൽക്കുന്നത് നിയമ വിരുദ്ധമാണ്. ഇതുസംബന്ധിച്ച് ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി നേരത്തെ സർക്കുലർ ഇറക്കിയിരുന്നു.
പിടിച്ചെടുത്ത പാൽ കുപ്പികളിൽ പാൽ നൽകിയവരുടെ പേര് രേഖപ്പെടുത്തിയിരുന്നു. ഇവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ആശുപത്രികളിലുള്ള മുലയൂട്ടുന്ന അമ്മമാരിൽ നിന്നാണ് പാൽ ശേഖരിച്ചതെന്ന് റെയ്‌ഡിൽ കുടുങ്ങിയ മാധവാരത്തെ ലൈഫ് വാക്സീൻ സ്റ്റോർ ഉടമ പറഞ്ഞു. ലാബിലേക്ക് പരിശോധനക്ക് അയച്ച പാലിന്റെ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് തുടർനടപടി ഉണ്ടാകുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസർ പറഞ്ഞു.
സ്ഥാപനം നടത്തുന്ന വ്യക്തിക്ക് പ്രോട്ടീൻ പൗഡറുകൾ വിൽക്കുന്നതിനുള്ള ലൈസൻസാണ് ഉണ്ടായിരുന്നത്. ഇതിന്‍റെ മറവിലായിരുന്നു അനധികൃത മുലപ്പാൽ വിൽപ്പനയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസർ വിശദീകരിച്ചു. ചെന്നൈയിലെ മുലപ്പാൽ വിൽപനയിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് പൊലിസും ഭക്ഷ്യസുരക്ഷാ വകുപ്പും അറിയിച്ചു.
2006ലെ എഫ്എസ്എസ് ആക്ട് പ്രകാരം മുലപ്പാൽ സംസ്ക്കരിക്കുന്നതിനോ വിൽക്കുന്നതിനോ ആർക്കും ലൈസൻസ് നൽകിയിട്ടില്ലെന്ന് ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. മുലപ്പാലിന്റെ വാണിജ്യവൽക്കരണം രാജ്യത്ത് അനുവദനീയമല്ലെന്നും ഇതുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ അവസാനിപ്പിക്കണം എന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.