കണ്ണൂര്‍: എ.ഡി.എം നവീന്‍ബാബു ജീവനൊടുക്കിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റ് പി.പി ദിവ്യയുടെ ജാമ്യഹർജി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. സെഷന്‍സ് ജഡ്ജ് കെ.ടി നിസാര്‍ അഹമ്മദ് മുമ്പാകെ ദിവ്യയ്ക്കുവേണ്ടി അഡ്വ. കെ.വിശ്വനാണ് ജാമ്യഹർജി ഫയല്‍ ചെയ്തത്. നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേകസംഘത്തിനെതിരേ നിര്‍ണായകമായ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് പ്രതിഭാഗം ജാമ്യഹർജി സമര്‍പ്പിച്ചത്.
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ വകുപ്പുതല അന്വേഷണ വിവരങ്ങള്‍, പൊലിസ് അന്വേഷണത്തിലെ കാര്യങ്ങള്‍ എന്നിവ കോടതി മുമ്പാകെ സമര്‍പ്പിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായും പ്രതിഭാഗം പറയുന്നു. നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷയും കേസില്‍ കക്ഷിചേരും. മഞ്ജുഷയ്ക്കുവേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ ജോണ്‍ എസ്.റാല്‍ഫ് ഹാജരാകും. ജാമ്യം ലഭിച്ചില്ലെങ്കില്‍ ഇന്നുതന്നെ ദിവ്യ ഹൈക്കോടതിയെ സമീപിക്കുമെന്നറിയുന്നു.
യാത്രയയപ്പ് യോഗത്തിനുശേഷം നവീന്‍ബാബു തന്നെ വന്നുകണ്ടിരുന്നുവെന്നും തെറ്റുപറ്റിയെന്ന് പറഞ്ഞെന്നുമുള്ള കലക്ടര്‍ അരുണ്‍ കെ.വിജയന്റെ മൊഴിയില്‍ കേന്ദ്രീകരിച്ചാകും ദിവ്യക്കുവേണ്ടിയുള്ള വാദം. നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ പി.പി ദിവ്യ ഒക്ടോബര്‍ 29നാണ് അറസ്റ്റിലായത്. തലശ്ശേരി കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഇവര്‍ പൊലിസില്‍ കീഴടങ്ങിയത്. ഒക്ടോബര്‍ 29ന് റിമാന്‍ഡിലായ പി.പി ദിവ്യ ജാമ്യം ലഭിച്ചില്ലെങ്കില്‍ 12 വരെ പള്ളിക്കുന്ന് വനിതാ ജയിലില്‍ തുടരും.