LatestPolitics

പാർലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തെ അട്ടിമറിക്കാൻ നരേന്ദ്ര മോഡി കൊണ്ടുവന്നതാണ് പി എം ശ്രീ പദ്ധതി;അഡ്വ. കെ പ്രകാശ് ബാബു

Nano News

കോഴിക്കോട്: പാർലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തെ അട്ടിമറിക്കാൻ നരേന്ദ്ര മോഡി കൊണ്ടുവന്നതാണ് പി എം ശ്രീ പദ്ധതിയെന്നും കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയല്ല മറിച്ച് എല്ലാവർക്കും വിദ്യാഭ്യാസത്തിനുള്ള അവകാശമാണ് ഇന്ത്യയിൽ നടപ്പിലാകേണ്ടതെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ പ്രകാശ് ബാബു. സിപിഐ രൂപീകരണത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായുള്ള ശതാബ്ദി ആഘോഷ പരിപാടികളോടനുബന്ധിച്ചുള്ള ചരിത്രപ്രദർശനം മുതലക്കുളത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗം മാത്രമാണ് പി എം ശ്രീ പദ്ധതി. ഇതിന്റെ അടിസ്ഥാനം തന്നെ ബിജെപിയുടെയും ആർ എസ് എസിന്റെയും ആശയങ്ങളാണ്. ഫെഡറൽ സംവിധാനം നിലനിൽക്കുന്ന ഇന്ത്യയിൽ പാർലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിനാണോ അതോ കേന്ദ്രാവിഷ്കൃത പദ്ധതിക്കാണോ സംസ്ഥാന സർക്കാരുകൾ വില കൽപ്പിക്കേണ്ടതെന്ന് സ്വയം ചിന്തിക്കണം. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതാണ് എൻ ഇ പി. പി എം ശ്രീയിൽ ചേരാത്തതിന്റെ പേരിൽ സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് തടഞ്ഞുവെക്കുന്നതാണ് കേന്ദ്ര നിലപാട്. സമഗ്ര ശിക്ഷയ്ക്കുള്ള കേന്ദ്ര വിഹിതം വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിനുള്ള നിയമപരമായ ബാധ്യതയാണ്. ഫണ്ട് തടഞ്ഞുവെക്കുന്നതിലൂടെ പാർലമെന്റ് പാസാക്കിയ നിയമത്തെ തന്നെയാണ് അട്ടിമറിക്കുന്നത്. ഇത്തരം നയങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, ആർ സത്യൻ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. എ കെ സുകുമാരൻ സ്വാഗതവും ഹസീന വിജയൻ നന്ദിയും പറഞ്ഞു.

പ്രഭാത് പുസ്തകോത്സവം സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ എംപി ഉദ്ഘാടനം ചെയ്തു. കാലത്തിന്റെ മാറ്റം ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുന്ന പാർട്ടിയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് അദ്ദേഹം പറഞ്ഞു. വിവരസാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കൊപ്പം രാജ്യത്തിന്റെ വളർച്ചയും അനിവാര്യമാണ്. എന്നാൽ കോർപ്പറേറ്റ് മൂലധന ശക്തികളുടെ വളർച്ചയാണ് കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ലക്ഷ്യം. നിർമിത ബുദ്ധിയുടെ കാലത്ത് അത് എങ്ങിനെ മനുഷ്യനന്മയ്ക്കായി ഉപയോഗിക്കാം എന്ന് പരിശോധിക്കുന്നതിനു പകരം കോർപ്പറേറ്റുകൾക്ക് ധനം സമ്പാദിക്കുന്നതിനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ കെ ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചൂലൂർ നാരായണൻ, അനിൽ മാരാത്ത്, എ കെ സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു സ്വാഗതവും കെ വി സത്യൻ നന്ദിയും പറഞ്ഞു. സിപിഐ നേതാക്കളായ സത്യൻ മൊകേരി, അഡ്വ. പി വസന്തം, അഡ്വ. പി ഗവാസ്, ടി കെ രാജൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply