ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. എതിർപ്പ് ഉയർന്ന 3 കാർഷിക നിയമങ്ങളും പിൻവലിക്കും. പാർലമെൻറിൻ്റെ ശൈത്യകാല സമ്മേളനത്തിൽ നടപടി ഉണ്ടാകും. താങ്ങുവില അടക്കം പരിശോധിക്കാൻ പ്രത്യേക സമിതി നിലവിൽ വരും. സമരം അവസാനിപ്പിക്കണമെന്ന് കർഷകരോട് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചു. ഒരു കർഷകനും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് തീരുമാനമെന്നും പ്രധാനമന്ത്രി. ഗുരുനാനാക്ക് ദിനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
കർഷകരുടെ സ്ഥിതി ഇനിയും മെച്ചപ്പെടണം. രാജ്യത്തെ കർഷകരുടെ വേദന താൻ മനസ്സിലാക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ പ്രയത്നം നേരിൽ കണ്ട ആളാണ് താൻ. തലമുറ കഴിയുന്തോറും കർഷകരുടെ ഭൂവിസ്തൃതി കുറഞ്ഞുവരുന്നു. കാർഷിക നിയമങ്ങൾ കർഷകർക്ക് ഗുണം ചെയ്തു. നിയമം കർഷകരെ സഹായിക്കാൻ ആണ്. ചെറുകിട കർഷകരെ ശക്തമാക്കാനാണ് കാർഷിക നിയമങ്ങൾ. പാർലമെൻറിൽ ചർച്ച ചെയ്ത ശേഷമാണ് നിയമങ്ങൾ കൊണ്ടു വന്നത്. പുതിയ നിയമങ്ങളിൽ ചില കർഷകർ അസ്വസ്ഥരാണ്. നിയമങ്ങൾ കൊണ്ടു വന്നത് ആത്മാർത്ഥതയോടെ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കർഷകരുടെ അഭിവൃദ്ധിക്ക് പ്രാധാന്യം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ലക്ഷം കോടി രൂപ വിള നാശത്തിന് അനുവദിച്ചു. പെൻഷൻ പദ്ധതിയുടെ ആനുകൂല്യം അവർക്ക് കിട്ടുന്നു. പ്രാദേശിക ചന്തകൾ ശാക്തീകരിച്ചു. കർത്താപ്പൂർ ഇടനാഴി തുറന്നത് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കർഷകർക്ക് ഇപ്പോൾ മികച്ച താങ്ങുവില കിട്ടുന്നു. ബജറ്റ് വിഹിതം അഞ്ചിരട്ടി കൂട്ടിയും സർക്കാർ കർഷകർക്കൊപ്പം നിന്നതായി പ്രധാനമന്ത്രി പറഞ്ഞു.