Local News

തുറന്ന ഓവുചാലുകൾ മൂടണം: മനുഷ്യാവകാശ കമ്മീഷൻ


കോഴിക്കോട് : നഗരത്തിലുള്ള തുറന്ന ഓവുചാലുകളിൽ സ്ലാബിടാൻ നടപടിയെടുക്കാതെ അപകടങ്ങൾ ആവർത്തിച്ചാൽ സഞ്ചാര സ്വാതന്ത്യം ലംഘിച്ചതായി കണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കോർപ്പറേഷൻ സെക്രട്ടറിക്കും പൊതുമരാമത്ത് എക്സ്ക്യൂട്ടീവ് എഞ്ചിനീയർക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ ഒരു മാസത്തിനുള്ളിൽ അറിയിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു.

1999 മുതൽ ഇതുവരെ കോഴിക്കോട് നഗരത്തിൽ ഓടയിൽ വീണ് 9 പേർക്ക് ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ എല്ലാ ഓടകളും സ്ലാബിട്ട് മൂടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.

കോഴിക്കോട് നഗരസഭാ സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു. പുതിയറ ജയിൽ റോഡിലും അരിയിടത്തുപാലത്തിലുമുള്ള ഓടകൾ സ്ലാബിട്ട് മൂടിയതായി റിപ്പോർട്ടിൽ പറയുന്നു. കാരപറമ്പ് സിവിൽ സ്റ്റേഷൻ റോഡിൽ റോഡ് വീതി കൂട്ടുന്ന പ്രവർത്തനങ്ങൾ തുടരേണ്ടതിനാൽ അപകടാവസ്ഥ ഒഴിവാക്കുന്നതിന് ഹാന്റ് റെയിൽ സ്ഥാപിക്കാൻ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

തുറന്നുകിടക്കുന്ന ഓടകൾക്ക് എത്രയും വേഗം സ്ലാബിടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സ്ലാബിടുന്നതിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രം കമ്പി കൊണ്ടോ, നെറ്റ് കൊണ്ടോ വളച്ച് കെട്ടി അപകടാവസ്ഥ കാണിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

ഇപ്രകാരം ചെയ്യാത്തതിനാൽ വർഷകാലത്ത് റോഡും തോടും തമ്മിൽ വേർതിരിച്ചറിയാൻ കഴിയില്ലെന്നും ആളുകളും വാഹനങ്ങളും ഓവുചാലിൽ പതിച്ച് അപകടങ്ങൾ സംഭവിക്കാറുണ്ടെന്നും ഉത്തരവിൽ പറഞ്ഞു. ഇത്തരം ദൗർഭാഗ്യകതമായ സംഭവങ്ങൾ അവർത്തിക്കരുതെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. എ.സി ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് നടപടി.


Reporter
the authorReporter

Leave a Reply