കോഴിക്കോട് :മാവൂരിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മാവൂർ തെങ്ങിലക്കടവ് കൽപ്പള്ളിയിലാണ്
ബസും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ മാവൂർ അഡുവാട് സ്വദേശി അർജുൻ സുധീർ ആണ് മരിച്ചത്. 37 വയസായിരുന്നു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കോഴിക്കോട് – അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അതേ സമയം ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ബസ് തൊട്ടടുത്ത വയലിലേക്ക് മറിഞ്ഞു. അപകടത്തിനിടെ ഗുരുതര പരിക്കേറ്റ അർജുൻ സുധീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബസ് യാത്രികനായ ഗോപാലൻ എന്നയാൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നാല് പേർക്ക് നിസാര പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.