മലപ്പുറം :ചേലേമ്പ്ര സ്വദേശി ഷാജിയാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയോമായി ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണൂരിൽ വെൽഡിംഗ് തൊഴിലാളിയായ ഷാജിയ്ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിയിട്ടില്ല. ജോലിസ്ഥലത്തും വീടിനോട് ചേർന്നയിടങ്ങളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി. സംസ്ഥാനത്ത് കഴിഞ്ഞ ഒരുമാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി. മൂന്നു മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ ആറുപേരാണ് മരണത്തിനു കീഴടങ്ങിയത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി 10 പേരാണ് ചികിത്സയിൽ ഉള്ളത്. മലപ്പുറം സ്വദേശിയായ 10 വയസുകാരിയ്ക്കും രാമനാട്ടുകര സ്വദേശിയായ 30 കാരിക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ രോഗ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതും മരണസംഖ്യ വർധിക്കുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.










