മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ തുടർനടപടികൾ ആലോചിക്കാൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നും മലപ്പുറത്ത് അവലോകന യോഗം ചേരും. കുട്ടിയുടെ റൂട്ട് മാപ്പ് ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഈ മാസം 11 മുതൽ 15 വരെ കുട്ടിയെത്തിയ സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങളാണ് പുറത്തുവിട്ടത്.
ഈ സന്ദർഭങ്ങളിൽ കുട്ടിയുമായി സമ്പർക്കത്തിലേർപെട്ടവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആനക്കയം , പാണ്ടിക്കാട് പഞ്ചായത്തുകളിൽ ഏർപെടുത്തിയ നിയന്ത്രണം ഇന്നു മുതൽ നിലവിൽ വരും. ഇതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.
അതേസമയം, നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് പഞ്ചായത്തിൽ ഇന്ന് മുതല്‍ നിയന്ത്രണം കര്‍ശനമാക്കി. വിവാഹം ,സൽക്കാരം അടക്കമുള്ള പരിപാടികൾക്ക് പരമാവധി 50 പേർക്ക് മാത്രമാണ് അനുവാദം. വിദ്യഭ്യാസ സ്ഥാപനങ്ങൾ പൂർണമായും അടച്ചിടും. ‘മറ്റ് സ്ഥലങ്ങളിലെ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പഞ്ചായത്ത് വിട്ട് പോകരുതെന്നും നിർദേശമുണ്ട്.